കൊല്ലത്ത് വലിച്ചുകൊണ്ടിരുന്ന സിഗരറ്റിന്റെ പാതി കൊടുക്കാത്തതിന് ഓട്ടോ ഡ്രൈവർമാരെ അപരിചിതർ വെട്ടി, ലെയ്സ് നൽകാത്തതിന് യുവാക്കളെ ക്രൂരമായി മർദ്ദിച്ചത് അടുത്തിടെ
കൊല്ലം: വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് ഷെയർ ചെയ്യാൻ തയ്യാറാവാത്തതിന്റെ പേരിൽ രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചൽ സ്വദേശികളും ഓട്ടോഡ്രൈവർമാരുമായ ഷമീർ, അജ്മൽ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ പനച്ചവിള സ്വദേശി ആംബുജിഎന്നു വിളിക്കുന്ന അമിത്ത്, പനയംച്ചേരി സ്വദേശി അജിത്ത് എന്നിവരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളും വെട്ടേറ്റവരും തമ്മിൽ മുൻപരിചയമില്ലെന്നാണ് അറിയുന്നത്.
അഞ്ചൽ പനച്ചവിളയിൽ വച്ചായിരുന്നു അക്രമം. രാത്രി എട്ടുമണിയോടെ പെട്രോൾ പമ്പിന് സമീപത്തെ കടയുടെ സൈഡിൽ നിന്ന് പുകവലിക്കുകയായിരുന്നു ഷമീർ. ഈ സമയം മദ്യപിച്ചെത്തിയ പ്രതികൾ വലിച്ചുകൊണ്ടിരുന്ന സിഗരറ്റിന്റെ പകുതി ചോദിച്ചു. എന്നാൽ ഷമീർ നൽകാൻ തയ്യാറായില്ല. പ്രകോപിതരായ ഇരുവരും ചേർന്ന് ഷമീറിനെ മർദ്ദിക്കുകയായിരുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം ഓട്ടോറിക്ഷയിൽ കയറി ഇടമുളക്കൽ ഓട്ടോ സ്റ്റാൻഡിലേക്ക് ഓടിച്ച് പോയി. പിന്തുടർന്നെത്തിയ അക്രമികൾ ഓട്ടോയുടെ പിൻഭാഗം വെട്ടിക്കീറുകളും ഗ്ളാസുകൾ അടിച്ചുപൊട്ടിച്ചശേഷം ഷമീറിനെ വെട്ടുകയുമായിരുന്നു. ഇത് തടയാനെത്തിയപ്പോഴാണ് അജ്മലിനെ ആക്രമിച്ചത്. ഇയാളുടെ മുതുകിലാണ് വെട്ടേറ്റത്. സ്ഥലത്ത് ഭീകാരന്തരീക്ഷം സൃഷ്ടിച്ച് പ്രതികൾ പൊലീസ് വരുന്നത് കണ്ട് സ്ഥലംവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വെട്ടേറ്റവർ ചികിത്സയിലാണ്.
കൊല്ലത്ത് അടുത്തിടെ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. ഇരവിപുരത്ത് ലെയ്സ് ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിൽ രണ്ട് യുവാക്കളെ മദ്യപസംഘം ക്രൂരമായി മർദ്ദിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു.