അവളെ തൊട്ടാല്‍ എന്റെ കൈപൊള്ളും’; കൂട്ടുകാരിയുടെ മരണത്തെ തുടര്‍ന്ന് കുഞ്ഞിനെ കൈയിലെടുക്കാത്ത അമ്മ
പ്രിയപ്പെട്ടവരുടെ വേര്‍പാട് മനുഷ്യരെ പലതരത്തിലും ബാധിക്കും. ആ ശൂന്യതയില്‍ ചിലപ്പോള്‍ നമ്മുടെ മാനസികനില വരെ തെറ്റിയേക്കാം. അത്തരത്തില്‍ സുഹൃത്തിന്റെ മരണത്തെ തുടര്‍ന്ന് തന്റെ മനസിന്റെ താളം തെറ്റിയ കഥ പറയുകയാണ് ഒരു സ്ത്രീ. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സ്ത്രീ തന്റെ അനുഭവം പങ്കുവെയ്ക്കുന്നത്.
തന്റെ കുഞ്ഞിന് മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് സുഹൃത്ത് തീപൊള്ളലേറ്റ് മരിച്ചതെന്നും പിന്നീട് കുഞ്ഞിനെ തനിക്ക് ഒന്നു തൊടാന്‍ പോലും കഴിയാത്ത അവസ്ഥ വന്നെന്നും അവര്‍ പറയുന്നു. കുഞ്ഞ് കത്തുകയാണെന്നും തൊടുമ്പോള്‍ കൈ പൊള്ളുമെന്നും താന്‍ അമ്മയോട് പറയാറുണ്ടായിരുന്നെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
’18 വര്‍ഷം മുമ്പാണ് എനിക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. എന്റെ ഭര്‍ത്താവും ഞാനും വളരെ ആകാംക്ഷയിലായിരു്നു. പ്രസവത്തിന് ശേഷം ഞാന്‍ എന്റെ വീട്ടിലായിരുന്നു താമസം. ഭര്‍ത്താവ് ഇടയ്ക്കിടെ കാണാന്‍ വരും. എല്ലാവിധത്തിലും സന്തോഷത്തിലും സമാധാനത്തിലും ആണെന്ന് ഞാന്‍ വിശ്വസിച്ചു. അതിനിടെ കുഞ്ഞിന് മൂന്നു മാസം കഴിഞ്ഞ സമയത്ത് എന്റെ അടുത്ത സുഹൃത്ത് തീപൊള്ളലേറ്റ് മരിച്ചു. ഞാന്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചിരുന്ന സുഹൃത്തായിരുന്നു അത്.
അവളുടെ മരണം എന്നെ ആകെ തകര്‍ത്തു. എന്റെ മാനസികനില തെറ്റി. അന്ന് സംഭവിച്ച കാര്യങ്ങളൊന്നും എനിക്ക് വ്യക്തമായി ഓര്‍മയില്ല. എന്നാല്‍ എല്ലാം എനിക്ക് അമ്മ പിന്നീട് പറഞ്ഞുതന്നു. അവളെ അവസാനമായി കണ്ടതിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഞാന്‍ കുഞ്ഞിനെ തൊടാന്‍ തയ്യാറായില്ല. എന്റെ കുഞ്ഞിനെ കാണുന്നത് തന്നെ എനിക്ക് ദേഷ്യമായിരുന്നു. അവളെ കാണുമ്പോഴെല്ലാം ഞാന്‍ മുഖംതിരിച്ചു.’ഞാന്‍ ഇവളെ സ്പര്‍ശിക്കില്ല, എന്റെ കൈ പൊള്ളും’-ഇത് പറഞ്ഞ് ഞാന്‍ ആര്‍ത്തുവിളിച്ചു. എന്റെ അവസ്ഥ കണ്ട് വീട്ടില്‍ എല്ലാവരും ഭയന്നു.
ഞാന്‍ ഭക്ഷണം കഴിക്കാതെയായി, കുളിക്കാനും തയ്യാറായില്ല. രാത്രി പുറത്തുപോകാതിരിക്കാനായി അമ്മ എപ്പോഴും എന്റെ കട്ടിലിന് അരികില്‍ ഇരുന്നു. സ്വയം മുറിവേല്‍പ്പിക്കാനും തുടങ്ങി. എന്റെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. ഇതോടെ എന്നെ ചികിത്സിക്കാനായി അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യമൊക്കെ എന്റെ ഭര്‍ത്താവ് ആശുപത്രിയില്‍ വന്ന് എന്നേയും കുഞ്ഞിനേയും കണ്ടു. എന്നാല്‍ പിന്നീട് അദ്ദേഹം ആശുപത്രിയില്‍ വരാന്‍ വലിയ താത്പര്യം കാണിച്ചില്ല. രണ്ടു വര്‍ഷത്തിന് ശേഷം ഞങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി കൂടി ജനിച്ചു. എന്നാല്‍ ആ കുഞ്ഞിനോട് അദ്ദേഹം അകല്‍ച്ച കാണിച്ചു. ആ സമയത്താണ് ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ഞാന്‍ അറിഞ്ഞത്. ഞാനാകെ തകര്‍ന്നുപോയി. എല്ലാം നഷ്ടപ്പെട്ടെന്ന് എനിക്ക് തോന്നി.
എന്നാല്‍ എന്റെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഞാന്‍ അയാളോട് ക്ഷമിച്ചു. പക്ഷേ വലിയ കാര്യമുണ്ടായില്ല. അദ്ദേഹം എപ്പോഴും പുറത്തുപോകും. ചോദിച്ചാല്‍ ജോലിക്കാണെന്ന് പറയും. ആറു മാസത്തിന് ശേഷം അദ്ദേഹവുമായി എല്ലാം തുറന്ന് സംസാരിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു, ‘നീ ഒരു ഭ്രാന്തിയാണ്. നിന്റെ കുഞ്ഞുങ്ങളെ നോക്കാന്‍പോലും നിനക്ക് പറ്റുന്നില്ല. പിന്നെ എനിക്കുവേണ്ടി നിനക്ക് എന്താണ് ചെയ്യാന്‍ കഴിയുക?’. ഇതുംപറഞ്ഞ് അയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് തിരിച്ചുവന്നില്ല.
ഇതോടെ എല്ലാം പൂര്‍ത്തായി. ഞാന്‍ കരയാത്ത ദിവസങ്ങള്‍ ഇല്ലാതെയായി. കുഞ്ഞുങ്ങള്‍ ഉറങ്ങുന്നതിന് അടുത്തിരുന്ന് കരയുന്നത് പതിവായി. അമ്മ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജീവിക്കണമെന്ന് പറഞ്ഞു. ഇതോടെ എനിക്ക് വാശിയായി. മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനായി വീണ്ടും ചികിത്സ തുടങ്ങി. ഒരു സന്നദ്ധ സംഘടന എന്റെ ചികിത്സ ഏറ്റെടുത്തു. എല്ലാ മാസവും അവര്‍ ജീവിതചെലവിനായി 1000 രൂപ എനിക്ക് നല്കി. ഇപ്പോള്‍ എന്റെ മാനസികാരോഗ്യം ഏറെ മെച്ചപ്പെട്ടു. എന്റെ കുഞ്ഞുങ്ങളെ ഇപ്പോള്‍ നോക്കുന്നത് ഞാന്‍ തന്നെയാണ്.
എന്റെ ഏറ്റവും മോശം സമയത്ത് കുടുംബമാണ് കൂടെ നിന്നത്. എന്റെ കുഞ്ഞുങ്ങള്‍ക്ക് നല്ല ഭാവിയുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഞാന്‍ പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തു. എന്നെപ്പോലെയുള്ളവരോട് എനിക്ക് പറയാനുള്ളത് ഇത്തരം അനുഭവങ്ങള്‍ നമുക്കുണ്ടായേക്കാം. പക്ഷേ തകര്‍ന്നുപോകരുത് എന്നാണ്. രക്ഷപ്പെടാന്‍ സഹായം ചോദിക്കാന്‍ നിങ്ങള്‍ മടിക്കരുത്.’ കുറിപ്പില്‍ അവര്‍ പറയുന്നു.