തിരുവനന്തപുരത്ത് യുവാക്കൾ കമ്പ് കുത്തിക്കയറ്റി കൊല്ലാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: അതിർത്തി തർക്കത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ യുവാക്കൾ കമ്പ് കുത്തിക്കയറ്റി കൊല്ലാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. അതിയന്നൂർ മരുതംകോട് വാർഡിൽ വിജയകുമാരി (50)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. അയൽവാസികളായ അനീഷ്, നിഖിൽ എന്നിവരാണ് പ്രതികൾ. അതീവ ഗുരുതരാവസ്ഥയിലായ വിജയകുമാരി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരവേയാണ് മരണപ്പെട്ടത്.
വിജയകുമാരിയുടെ വീടിനടുത്ത് പ്രതികളിലൊരാളായ അനീഷ് വീടുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. റബ്ബർ കമ്പ് കൊണ്ടാണ് വിജയകുമാരിയെ പ്രതികൾ കുത്തിയത്. നിലവിൽ വധശ്രമത്തിനാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്. വീട്ടമ്മ മരിച്ച സാഹചര്യത്തിൽ പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. നിലവിൽ ഇരുപ്രതികളും റിമാൻഡിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു.