ഏറ്റവും പെട്ടെന്ന് പറ്റിക്കപ്പെടുന്നവരാണ് ലോട്ടറി വിൽപനക്കാരായ സ്ത്രീകൾ, ഇവരെ ആളുകൾ മുതലെടുക്കുന്നതിങ്ങനെ
കൊച്ചി: സഹപ്രവർത്തകരുടെ അരുംകൊലയിൽ ഭയന്നുവിറച്ച് നഗരത്തിലെ ലോട്ടറി തൊഴിലാളികൾ. നരബലി വിവരം പുറത്തുവന്നത് മുതൽ വില്പന നിർത്തിയ തൊഴിലാളികൾ ഇന്നലെയും എത്തിയില്ല. സ്ത്രീതൊഴിലാളികളാണ് താത്കാലികമായി വില്പന നിറുത്തിയത്. പല ലോട്ടറിത്തട്ടുകളും ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശിനി പദ്മ ലോട്ടറി വിറ്റിരുന്ന ഷേണായിസ്, ചിറ്റൂർ റോഡ് ഭാഗങ്ങളിൽ ആരും ഇന്നലെ വില്പനയ്ക്കെത്തിയില്ല. ആളുകളുടെ പലവിധ ചോദ്യങ്ങളെയും ഇവർ ഭയക്കുന്നുണ്ട്. കലൂർ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഭാഗം, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലെല്ലാം ലോട്ടറി വിൽക്കുന്ന സ്ത്രീകൾ നിരവധിയാണ്. ഇവരെയാരെയും ഇന്നലെ രാവിലെ മുതൽ മറ്റ് വില്പനക്കാർ കണ്ടിട്ടില്ല.പറ്റിക്കപ്പെടുന്ന വിഭാഗംഏറ്റവും എളുപ്പം പറ്റിക്കപ്പെടാവുന്ന വിഭാഗമാണ് ലോട്ടറി കച്ചവടം നടത്തുന്ന സ്ത്രീകളെന്ന് ലോട്ടറി തൊഴിലാളി സംഘടനകൾ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് പലരുടെയും വാഗ്ദാനങ്ങളിൽ ഇവർ വീണുപോകുന്നതായി സംഘടനാ നേതാക്കൾ പറയുന്നു. 1,000 രൂപയുടെ ജോലി ചെയ്താൽ 600 രൂപ മാത്രമാണ് പലർക്കും വരുമാനം ലഭിക്കുന്നത്. ഈ സാഹചര്യമാണ് പലരും മുതലെടുക്കുന്നതെന്നും നേതാക്കൾ ആരോപിക്കുന്നു. ഏജൻസികളിൽ നിന്ന് ലോട്ടറി വാങ്ങുന്ന തൊഴിലാളികളുടെ കൈയിൽ നിന്ന് ടിക്കറ്റ് വാങ്ങി വിൽക്കുന്നവരാണ് അധികവും. ഇതുമൂലം കമ്മിഷൻ വരുമാനവും കുറവാണ്. വളരെ കുറച്ച് ടിക്കറ്റുകൾ മാത്രമാണ് ഇവർ വില്ക്കുന്നത്.ഒപ്പം ഉണ്ടായിരുന്നയാളുടെ കൊലപാതകം മറ്റുള്ളവരെ ഭയപ്പെടുത്തിയിട്ടുണ്ടാകാം. ലോട്ടറി തൊഴിലാളികളുടെ നിസഹായാവസ്ഥ അറിയുന്നവർ അവരെ പലരീതിയിൽ കബളിപ്പിക്കുകയാണ്. പാർശ്വവത്കരിക്കപ്പെട്ടവരും അവശരുമാണ് ലോട്ടറി വില്ക്കുന്നവർ. അവരുടെ വരുമാനം വർദ്ധിപ്പിക്കാൻ ലോട്ടറി വകുപ്പ് മുൻകൈയ്യെടുക്കണം.ലജീവ് വിജയൻലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ