നാട്ടിലെ നരബലിയിൽ പേടിച്ച് പത്തനംതിട്ട ഇലന്തൂരിലെ പ്രദേശവാസികൾ ഒരു തീരുമാനമെടുത്തിരിക്കുകയാണ്
ഇലന്തൂർ : നരബലിക്കായി നടന്ന ഇരട്ടക്കൊലപാതകത്തിന്റെ നടുക്കത്തിൽ നിന്ന് ഇലന്തൂർ ഇനിയും മുക്തമായില്ല. രണ്ട് സ്ത്രീകളെ കൊന്ന് ശരീരഭാഗങ്ങൾ അറുത്തെടുത്ത ശേഷം വറുത്ത് ഭക്ഷിച്ചുവെന്ന പൈശാചികതയുടെ വിവരങ്ങൾ കൂടി ഇന്നലെ പുറത്തുവന്നതോടെ മരവിച്ച മനസോടെയാണ് നാട്ടുകാർ കാണപ്പെട്ടത്.ഇന്നലെയും പുളിന്തിട്ടയിലെ സംഭവ സ്ഥലത്ത് എത്തിയ പ്രദേശവാസികളുടെ മുഖങ്ങൾ മ്ളാനമായിരുന്നു. പരസ്പരം സംസാരിക്കുന്നതുപോലും അമ്പരപ്പിച്ച ക്രൂരതയെക്കുറിച്ചാണ്. നിഗൂഢത നിറഞ്ഞ ഭഗവൽസിംഗിന്റെ കടകംപള്ളിൽ വീട്ടിലേക്കും മൃതദേഹഭാഗങ്ങൾ മറവ് ചെയ്ത കുഴികളിലേക്കും മൗനത്തോടെ നോക്കിനിന്നു. കടകംപള്ളിൽ വീടും പരിസരവും കാണാൻ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകൾ എത്തിക്കൊണ്ടിരുന്നു.വീട് സീൽ ചെയ്ത പൊലീസ് കുഴികൾക്കു ചുറ്റും റിബൺ കെട്ടിത്തിരിച്ചു. കാവലിന് അൻപതോളം പൊലീസുകാർ. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വന്നുപോയി. കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ, ആസൂത്രണ കമ്മിഷൻ മുൻ അംഗം സി.പി.ജോൺ തുടങ്ങിയവർ സ്ഥലത്തെത്തി പ്രദേശവാസികളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ദേശീയ ചാനലുകളുടെയടക്കം മാദ്ധ്യമ പ്രവർത്തകർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.പൊലീസ് നടപടി ഇനിയെന്ത് എന്ന് ആകാംഷയിലാണ് എല്ലാവരും. അന്വേഷണ മേൽനോട്ടം എ.ഡി.ജി.പി ആർ.നിശാന്തിനിയ്ക്കാണ്. കഴിഞ്ഞ ദിവസം അവർ സ്ഥലം സന്ദർശിച്ചിരുന്നു. ഇന്നലെ അന്വേഷണ ഉദ്യാഗസ്ഥർ എത്തിയില്ല. റിമാൻഡിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം കടംകംപള്ളിൽ വീട്ടിൽ വീണ്ടും തെളിവെടുപ്പിന് എത്തിക്കുമെന്നാണ് അറിയുന്നത്.ഇനി ദൂരെ ജോലിക്ക് പോകില്ലെന്ന് സരസമ്മയും പത്മിനിയുംപത്തനംതിട്ട: ” നടന്ന സംഭവങ്ങൾ കേട്ടപ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല. വീടുവിട്ട് പുറത്തുപോകാൻ ഭയമാകുന്നു. ഞങ്ങൾ ദൂരെ ജോലിക്ക് പേകുന്നത് നിറുത്തി” – ഇലന്തൂർ പുളന്തിട്ടയിലെ ഭഗവൽസിംഗിന്റെ അയൽക്കാരായ സഹോദരിമാർ സരസമ്മയും പത്മിനിയും പറഞ്ഞു. ഇരുവരും പലയിടത്തായി വീട്ടുജോലി ചെയ്യുന്നവരാണ്. ഭഗവൽസിംഗ് എന്റെ കാല് തിരുമ്മി നേരെയാക്കി. ഇരുന്നൂറ് രൂപ കൊടുത്തു. നൂറ് രൂപ തിരിച്ചു തന്നു. വീട്ടിൽ സിനിമ കണ്ടിരിക്കുമ്പോഴാണ് നരബലിയെക്കുറിച്ച് അറിഞ്ഞത്. ആഞ്ഞിലിമൂട്ടിൽ വീട്ടിൽ പൊലീസും ആളും കൂടിയപ്പോൾ സിനിമാ ഷൂട്ടിംഗ് നടക്കുകയാണെന്ന് വിചാരിച്ചു. ഇവിടെ വന്നപ്പോഴാണ് എല്ലാമറിഞ്ഞത്”’ – സരസമ്മ പറഞ്ഞു. ലൈലയുമായുള്ള ഭഗവൽസിംഗിന്റെ രണ്ടാം വിവാഹത്തിന് ശേഷമാണ് എല്ലാം തകർന്നതെന്നും ഭഗവൽ സിംഗ് നല്ല മനുഷ്യനായിരുന്നെന്നും പത്മിനി പറഞ്ഞു