ഇന്ത്യക്കാരെകൊണ്ട് പൊറുതിമുട്ടി, യുകെ ആഭ്യന്തര സെക്രട്ടറിയുടെ പരാമർശത്തിൽ അതൃപ്തി, യുകെയിലെ കുടിയേറ്റത്തിന് തിരിച്ചടി
ലണ്ടൻ: വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്കെതിരെ യു കെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ നടത്തിയ പരാമർശങ്ങൾ കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചതിന് പിന്നാലെ ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാർ (എഫ് ടി എ) തകർച്ചയുടെ വക്കിലാണെന്ന് റിപ്പോർട്ട്. യുകെയിൽ വിസ കാലാവധി കഴിഞ്ഞും തങ്ങുന്നവരിൽ ഏറിയ പങ്കും ഇന്ത്യക്കാരായതിനാൽ ഇന്ത്യയുമായി കരാറിൽ ഏർപ്പെടാൻ ആശങ്കയുണ്ടെന്നും ഇത് കൂടുതൽ കുടിയേറ്റത്തിലേയ്ക്ക് വഴിതെളിക്കുമെന്നുമാണ് കഴിഞ്ഞയാഴ്ചയ ഒരു അഭിമുഖത്തിൽ ഇന്ത്യൻ വംശജ കൂടിയായ സുല്ല ബ്രാവർമാൻ പറഞ്ഞത്.ഇന്ത്യയുമായി തുറന്ന അതിർത്തി- കുടിയേറ്റ നയങ്ങൾ ഉണ്ടായിരിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കയുള്ളതായി സുല്ല ബ്രാവർമാൻ അഭിമുഖത്തിൽ വ്യക്തമാക്കി. നയന്ത്ര കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കും സംരംഭകർക്കുമുള്ള വിസ ഇളവുകളെകുറിച്ച് ആശങ്കയുണ്ടെന്നും സുല്ല പറഞ്ഞു. ‘രാജ്യത്തെ കുടിയേറ്റം ഒന്ന് വിലയിരുത്തൂ. വിസ കാലാവധി കഴിഞ്ഞും യുകെയിൽ ഏറ്റവും കൂടുതൽ തങ്ങുന്നത് ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരാണ്’-സുല്ല വ്യക്തമാക്കി.സുല്ലയുടെ അനാദരവോടെയുള്ള പരാമർശങ്ങൾ ഞെട്ടിച്ചെന്നും നിരാശപ്പെടുത്തിയെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സെക്രട്ടറിയുടെ പരാമർശങ്ങൾക്ക് പിന്നാലെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്ക്കുന്നതിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശനം പിൻവലിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.കുടിയേറ്റവുമായി ബന്ധപ്പെട്ട് മികച്ച സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമായി കഴിഞ്ഞ വർഷം ഇന്ത്യൻ സർക്കാരുമായി ഒരു കരാറിലെത്തിയെന്നും എന്നാലത് നല്ലരീതിയിൽ പ്രാവർത്തികമായില്ലെന്നും അവർ വെളിപ്പെടുത്തി. ഇന്ത്യയുമായുള്ള മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പിനെ (എം എം പി) പരാമർശിക്കുകയായിരുന്നു സുല്ല ബ്രാവർമാൻ. അതേസമയം, എം എം പിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതികരിച്ചു.