കരിപ്പൂരിൽ വീണ്ടും മലദ്വാരം വഴി സ്വർണക്കടത്ത്, ഒളിപ്പിച്ചത് 3.65 കോടിയുടെ സ്വർണം, പിടിയിലായവരിൽ മലപ്പുറം, വയനാട് സ്വദേശികൾ
മലപ്പുറം: മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചതിന് മലപ്പുറം, വയനാട് സ്വദേശികൾ പിടിയിൽ . കടത്താൻ ശ്രമിച്ച 3.65 കോടിയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും കോഴിക്കോട് ഡിആർഐ വിഭാഗവും പിടികൂടുകയായിരുന്നു. 3386 ഗ്രാം സ്വർണ സംയുക്തവും 428 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം വെട്ടത്തൂർ സ്വദേശി മുഹമ്മദ് സഫ്വാൻ (24), കോഴിക്കോട് പാലംകുന്ന് സ്വദേശി അൻവർ സാദിഖ് (27), വയനാട് സ്വദേശികളായ അർഷാദ് ഇറ (30), പുതുപ്പാടിയിലെ അബ്ദുൾ റയീസ് (44) എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ കാരിയേഴ്സാണെന്നാണ് കരുതുന്നത്.
അബുദാബിയിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് മുഹമ്മദ് സഫ്വാൻ എത്തിയത്. സംശയം തോന്നി വിശദമായി ചോദ്യംചെയ്തതോടെ മലദ്വാരത്തിൽ നാല് ക്യാപ്സൂളുകളിലായി ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു. സ്പൈസ് ജെറ്റിന്റെ തന്നെ ഷാർജ-കോഴിക്കോട് വിമാനത്തിൽ എത്തിയ അൻവർ സാദിഖ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഒമാൻ എയറിന്റെ മസ്കറ്റ്-കോഴിക്കോട് വിമാനത്തിലാണ് അർഷാദ് ഇറ എത്തിയത്. ഇയാളും മലദ്വാരത്തിൽ ആണ് സ്വർണം ഒളിപ്പിച്ചത്.
സ്പൈസ് ജെറ്റിന്റെ ദുബായ് -കോഴിക്കോട് വിമാനത്തിൽ എത്തിയ അബ്ദുൾ റയീസ് ടോർച്ച് ബാറ്ററിക്കുള്ളിൽ പന്ത്രണ്ട് ലോഹത്തകിടുകളാക്കി യാണ് സ്വർണം കടത്താൻ ശ്രമിച്ചത്. നേരത്തേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.