കണ്ണിനെ കാക്കാം കൃഷ്ണമണി പോലെ; ഓരോ പ്രായത്തിലും വേണം പ്രത്യേക കരുതൽ
ജനനവൈകല്യങ്ങള്‍ തൊട്ട് പ്രമേഹംവരെ കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. നേത്രസംരക്ഷണത്തെ സംബന്ധിക്കുന്ന സംശയങ്ങള്‍ക്ക് ഡോ. സുരേഷ് പുത്തലത്ത് മറുപടി നല്കുന്നു…
വെയിലിലും ചൂടിലും കൂടുതല്‍ നേരം കഴിയുന്നത് കണ്ണിനെ എങ്ങിനെയാണ് ബാധിക്കുക?
വെയിലത്തും പൊടിയിലും കൂടുതല്‍ നേരം കഴിയുമ്പോള്‍ കണ്ണുകളില്‍ വരള്‍ച്ച വരും. കണ്ണിലെ കണ്ണീര്‍ഗ്രന്ഥികള്‍ ഉണങ്ങുന്നതാണ് ഇതിന് കാരണം. കണ്ണില്‍ പൊടി പോയതുപോലെ അനുഭവപ്പെടും. പൊടിപടലങ്ങളുള്ളപ്പോഴും ബൈക്കില്‍ പോകുമ്പോഴും കണ്ണട ധരിക്കുക.കടുത്ത വെയില് ഉണ്ടെങ്കില്‍ സണ്‍ ഗല്‍സ് ഉപയോഗിക്കുക. അസ്വസ്ഥത തോന്നിയാല്‍ കണ്ണ് ശുദ്ധജലത്തില്‍ മൃദുവായി കഴുകുകയാണ് പ്രതിവിധി.
കണ്ണില്‍ ആര്‍ട്ടിഫിഷ്യല്‍ ടിയര്‍ ഡ്രോപ്സ് ഉപയോഗിക്കാം. ഇത് കണ്ണിന് മറ്റൊരു ദോഷവും ഉണ്ടാക്കില്ല.
കണ്ണിന്റെ വരള്‍ച്ച എങ്ങിനെ തടയാം?മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ടിവി കാണുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. കാരണം കുട്ടികളുടെ മസ്തിഷ്കവളര്‍ച്ചയേയും ബുദ്ധിവികാസത്തേയും അത് സ്വാധീനിക്കും. ഇടയ്ക്ക് കണ്ണ് ചിമ്മുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അപ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ടിവിയില്‍തന്നെ ഇമ ചിമ്മാതെ കണ്ണ് നട്ടിരിക്കുന്നത് കണ്ണിന്റെ ഉപരിതലം വരണ്ടതാക്കും. ഇത് നേത്രരോഗങ്ങള്‍ക്ക് ഇടയാക്കും. എപ്പോഴും ടിവിയില്‍ നിന്നും നാല് മീറ്ററെങ്കിലും ദൂരത്തിരിക്കാന്‍ ശ്രദ്ധിക്കുക.ഇരിക്കുമ്പോള്‍ കണ്ണും ടിവിയുടെ മധ്യവും ഒരേ നിരപ്പിലായിരിക്കാന്‍ ശ്രദ്ധിക്കുക.
ടിവി സ്ഥിരമായി കാണുന്നത് ദോഷമാണോ?
മുറിയില്‍ നല്ല ലൈറ്റ് ഉണ്ടാവണം. ചിലര്‍ ലൈറ്റ് ഓഫ് ചെയ്തിട്ട് ടിവി കാണാറുണ്ട്. ഇത് കണ്ണിന് നല്ലതല്ല. സ്ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും. ക്രമേണ ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കും.
കംപ്യൂട്ടറും ടിവിയും ഉപയോഗിക്കുമ്പോള്‍ മുറിയിലെ വെളിച്ച ക്രമീകരണം എങ്ങിനെ വേണം?
മുറിയില്‍ നല്ല ലൈറ്റ് ഉണ്ടാവണം. ചിലര്‍ ലൈറ്റ് ഓഫ് ചെയ്തിട്ട് ടിവി കാണാറുണ്ട്. ഇത് കണ്ണിന് നല്ലതല്ല. സ്ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും. ക്രമേണ ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കും.
കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകളുടെ സംരക്ഷണം എങ്ങനെയാവണം?
ടിവി കാണുന്നതിലെ പ്രശ്നങ്ങള്‍ തന്നെയാണ് കംപ്യൂട്ടറില്‍ നോക്കുമ്പോഴും ഉണ്ടാവുന്നത്. ഒരേ ദിശയിലേക്ക് കുറേ നേരം ഇമ ചിമ്മാതെ നോക്കുമ്പോള്‍ കണ്ണുകള്‍ വരളാനിടയാവുന്നു. അതുപോലെ എസിയില്‍ കൂടുതല്‍ നേരം ഇരിക്കുന്നതും വരള്‍ച്ച ഉണ്ടാക്കുന്നു. ഇടയ്ക്ക് ഇമ ചിമ്മണമെന്നത് ഓര്‍മ്മിക്കുക. കാറിന്റെ വൈപ്പര്‍ പോലെയാണ് കണ്ണിന്റെ ഇമകള്‍. അവ അടഞ്ഞ് തുറക്കുമ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ഓഫീസിലാണെങ്കില്‍ ഇടയ്ക്ക് സീറ്റില്‍ നിന്നും എഴുന്നേറ്റ് നടക്കുക.കണ്ണിന് സുഖകരമാവും അത്. മോണിറ്ററില്‍ ആന്റിഗ്ലെയര്‍ സ്ക്രീന്‍ വെയ്ക്കുന്നതും കണ്ണിന് ഗുണകരമാണ്.
അപൂര്‍വം ചിലരില്‍ നീറ്റലും പുകച്ചിലും വരാറുണ്ട്. അങ്ങനെ ഉണ്ടാവുമ്പോള്‍ അവ വീണ്ടും ഉപയോഗിക്കുന്നത് നിര്‍ത്തുക.
കണ്ണുകള്‍ നമ്മുടെ ആന്തരികാവയവമാണ്. ഏറ്റവും നല്ലത്, ഡോക്ട്റുടെ അടുത്തെത്തും മുന്‍പ് കണ്ണുകള്‍ നന്നായി കഴുകുകയാണ്. ടാപ്പ് തുറന്ന് കണ്ണിലേക്ക് വെള്ളം ഒഴുക്കുക.
കണ്ണിലുപയോഗിക്കുന്ന മേക്കപ്പുകള്‍ ദോഷമായി തീരാറുണ്ടോ?
അപൂര്‍വ്വം ചിലരില്‍ നീറ്റലും പുകച്ചിലും വരാറുണ്ട്. അങ്ങനെ ഉണ്ടാവുമ്പോള്‍ അവ വീണ്ടും ഉപയോഗിക്കുന്നത് നിര്‍ത്തുക.
കണ്ണില്‍ രാസവസ്തുക്കള്‍ തെറിച്ചാല്‍ ഉടനെ എന്തുചെയ്യണം?
കണ്ണുകള്‍ നമ്മുടെ ആന്തരികാവയവമാണ്. ഏറ്റവും നല്ലത്, ഡോക്ട്റുടെ അടുത്തെത്തും മുന്‍പ് കണ്ണുകള്‍ നന്നായി കഴുകുകയാണ്. ടാപ്പ് തുറന്ന് കണ്ണിലേക്ക് വെള്ളം ഒഴുക്കുക.
മൂര്‍ച്ചയുള്ള വസ്തുക്കള്‍ കണ്ണില്‍ കൊണ്ടാല്‍ എന്താണ് ചെയ്യേണ്ടത്?
വീട്ടില്‍ നിന്ന് സ്വയം ചികിത്സ ചെയ്യാതെ എത്രയും പെട്ടെന്ന് ഡോക്ട്റെ സമീപിക്കുക.
കുഞ്ഞുങ്ങളിലെ കണ്ണിന്റെ കുഴപ്പങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ കഴിയുമോ?
മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങളില്‍ കണ്ണില്‍ വെള്ള നിറം കാണുകയാണെങ്കില്‍ ഡോക്ട്റോട് വിവരം പറയണം. ചിലപ്പോഴത് തിമിരത്തിന്റെ ലക്ഷണമായേക്കാം. നാലുമാസം പ്രായമാവുമ്പോള്‍ പുറത്തെ വെളിച്ചങ്ങളോട് കുഞ്ഞ് പ്രതികരിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം.
കുഞ്ഞുന്നാളില്‍ കണ്ടുപിടിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ എളുപ്പം പരിഹരിക്കാം. ചെറിയ കുട്ടികളിലെ കോങ്കണ്ണ് കണ്ണട വെച്ച് നേരെയാക്കാം. കണ്ണുകളിലെ കണ്ണുനീര്‍സഞ്ചി അടഞ്ഞിരിക്കുന്നതാണ് കുഞ്ഞുങ്ങളില്‍ കാണുന്ന മറ്റൊരു അസുഖം. എപ്പോഴും കണ്ണുനീര് വരുന്നതാണ് ഇതിന്റെ ലക്ഷണം. ചിലപ്പോള്‍ പഴുപ്പും വരാം. അങ്ങനെയെങ്കില്‍ പെട്ടെന്ന് ചികിത്സ തേടണം.കണ്ണിന് മസാജ് നല്കി കണ്ണീര് സഞ്ചിയുടെ തടസ്സം നീക്കുന്നു.ഇത് ഫലിച്ചില്ലെങ്കില്‍ ചെറിയൊരു ശസ്ത്രക്രിയ വേണ്ടി വരും.
കാഴ്ചവൈകല്ല്യത്തിന് എന്തെല്ലാമാണ് പ്രതിവിധികള്‍?
മൂന്ന് വഴികളുണ്ട്. ഒന്ന് കണ്ണട വെയ്ക്കുക. അല്ലെങ്കില്‍ കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുക. ഇപ്പോള്‍ കോണ്ടാക്ട് ലെന്‍സിന് പകരം, കണ്ണിലെ കൃഷ്ണമണിയെ ലേസര്‍ ഉപയോഗിച്ച് ശരിയായ രൂപത്തിലാക്കുന്ന ശസ്ത്രക്രിയ പ്രചാരത്തിലുണ്ട്. ഇത് ലാസിക് (ഹമശെസ) എന്നറിയപ്പെടുന്നു.കേരളത്തില്‍ ലഭ്യമാണ്. 25000 രൂപയോളം ചെലവ് വരും.
കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് ദോഷം ചെയ്യുമോ?
കോണ്ടാക്ട് ലെന്‍സുകള്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല. രാത്രി ഉറങ്ങുന്നതിന് മുമ്പായി ലെന്‍സുകള്‍ എടുത്തുമാറ്റി ക്ലീനിങ് സൊലൂഷനില്‍ (ലെന്‍സിനൊപ്പം ലഭിക്കുന്നത്) ഇട്ടുവയ്ക്കണം. പിറ്റേന്ന് ലെന്‍സ് വൃത്തിയാക്കി എടുത്ത് ഉപയോഗിക്കുക.
സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന നേത്രരോഗങ്ങള്‍ ഏതെല്ലാമാണ്?
തിമിരമാണ് (കാറ്ററാക്റ്റ്) സ്ത്രീകളില്‍ കൂടുതലായി കാണുന്ന നേത്ര രോഗം.
കോങ്കണ്ണ് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമോ?
ഏല്ലാ പ്രായക്കാരിലും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന രോഗമാണ് കോങ്കണ്ണ്.കണ്ണുകള്‍ ഒരേ സമയം ഒരേ ദിശയിലേക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണ് കോങ്കണ്ണ്. ഏതെങ്കിലും ഒരു കണ്ണ് ഉള്ളിലേക്കോ പുറത്തേക്കോ തിരിഞ്ഞു കാണുന്നു.കണ്ണിലെ പേശികള്‍ ദുര്‍ബ്ബലമാവുന്നതുകൊണ്ടോ പാരമ്പര്യമായോ ഈ രോഗം വരാം. പ്രധാനമായും ശസ്ത്ര ക്രിയയിലൂടെയാണ് കോങ്കണ്ണ് മാറ്റുന്നത്. ചിലരില്‍ കണ്ണട മതിയാവും. ചിലര്‍ക്ക് ശസ്ത്രക്രിയയും കണ്ണടയും വേണം. ശസ്ത്രക്രിയ ലളിതമാണ്.
മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായി നേത്രരോഗങ്ങള്‍ വരാറുണ്ടോ?
ചില രോഗങ്ങള്‍ കണ്ണിനേയും ബാധിക്കാറുണ്ട്. അവയില്‍ ഏറ്റവും പ്രധാനം ഈ നൂറ്റാണ്ടിന്റെ രോഗം എന്നറിയപ്പെടുന്ന പ്രമേഹം ആണ്. മറ്റൊന്ന് രക്തസമ്മര്‍ദ്ദമാണ്. പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുകയാണ് കണ്ണിനെ രക്ഷിക്കാനുള്ള പോംവഴി. പ്രമേഹരോഗികള്‍ എല്ലാ കൊല്ലവും നേത്രപരിശോധന നടത്താന്‍ ശ്രദ്ധിക്കണം. അതുപോലെ തൈറോയിഡ് രോഗം കൂടിയാലും കുറഞ്ഞാലും കണ്ണിനെ ബാധിക്കും.
തിമിരം പൂര്‍ണമായും ഭേദമാക്കാമോ?
കണ്ണിനുള്ളിലെ ലെന്‍സിന്റെ സുതാര്യത നഷ്ടമാകുന്ന അവസ്ഥയാണ് തിമിരം. ഇല്ല. തിമിരത്തിന് ഒരേയൊരു പ്രതിവിധി ശസ്ത്രക്രിയയാണ്. തിമിരം ബാധിച്ച ലെന്‍സ് എടുത്തുമാറ്റി പകരം പുതിയ ലെന്‍സ് വെക്കുകയാണ് ശസ്ത്രക്രിയയില്‍ ചെയ്യുന്നത്. വീണ്ടും രോഗം വരില്ല.
തിമിരം കുട്ടികളെ ബാധിക്കുമോ?
ബാധിക്കും. ജര്‍മന്‍ മീസല്‍സ് വന്നാലും കണ്ണിന് ക്ഷതമേറ്റാലും കുട്ടികളില്‍ തിമിരം വരാനിടയുണ്ട്.
ചെങ്കണ്ണ് പകരുന്നത് എങ്ങനെയാണ്?
ചെങ്കണ്ണ് ബാധിച്ച വ്യക്തിയുടെ തോര്‍ത്ത്, തൂവാല എന്നിവ ഉപയോഗിച്ചാല്‍ രോഗം പകരും. കണ്ണില്‍ ചുവപ്പ്, കടച്ചില്, പീളവരിക, വെള്ളം വരിക എന്നിവയാണ് സാധാരണ കണ്ടുവരാറുള്ള ലക്ഷണങ്ങള്‍.
കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകാംശങ്ങള്‍ എന്തെല്ലാമാണ്?
ബീറ്റ കരോട്ടിന്‍, വൈറ്റമിന്‍ സി എന്നിവ ധാരാളമായി അടങ്ങിയവയാണ് പപ്പായ, നാരങ്ങ, മാങ്ങ തുടങ്ങിയ മഞ്ഞ നിറമുള്ള പഴങ്ങള്‍. ഇവ നന്നായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
എന്താണ് ഗ്ലോക്കോമ?
കണ്ണിന്റെ ലോലമായ നാഡീഞരമ്പുകളില്‍ വരുന്ന ഒരു തരം ജീര്‍ണതയാണ് ഗ്ലോക്കോമ. കാഴ്ചശക്തി ഭാഗികമോ പൂര്‍ണമായോ പിന്നെ തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെടാനോ സാധ്യതയുണ്ട്. ആരംഭദശയില്‍ തന്നെ രോഗം കണ്ടെത്തുകയും മുറ തെറ്റാതെ ചികിത്സിക്കുകയും ചെയ്താല്‍ ഭൂരിഭാഗം പേരിലും കാഴ്ചശക്തി തുടര്‍ന്ന് നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ സാധിക്കും.
ഏറ്റവും പ്രധാനമായ ലക്ഷണം മങ്ങിയ പ്രകാശത്തിലെ കാഴ്ചക്കുറവാണ്. കഠിനമായ തലവേദന, കണ്ണുവേദന, കണ്ണില്‍ ചുവപ്പ്, നീര്‍ക്കെട്ട്, വെള്ളം നിറയല്‍ എന്നിവയാണ് മറ്റ് രോഗലക്ഷണങ്ങള്‍. വസ്തുക്കളുടെ ഏതെങ്കിലും ഒരു ഭാഗം മാത്രം കാണാന്‍ സാധിക്കാതെ വരിക, നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവ പ്രധാന ലക്ഷണങ്ങളില്‍പ്പെടുന്നു.
ഗ്ലോക്കോമ കൂടുതലായും കണ്ടുവരുന്നത് ആരിലൊക്കെയാണ്?
പാരമ്പര്യമായി ഗ്ലോക്കോമ വരാറുണ്ട്. പ്രായം കൂടുമ്പോഴും രോഗം പിടിപെടാം. പ്രധാനമായും മയോപ്പിയ, പ്രമേഹം, രക്തസമ്മര്‍ദ്ദം, മൈഗ്രയിന് എന്നീ രോഗങ്ങള്‍ ഉള്ളവരില്‍ ഗ്ലോക്കോമ കൂടുതലായി കണ്ടുവരുന്നു. പുകവലി ഒരു പ്രധാന കാരണമായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മരുന്നുകൊണ്ട് ഒരു പരിധിവരെ രോഗം തടയാം. അല്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരും.
കണ്ണില്‍ കുരു വന്നാല്‍ എന്തു ചെയ്യണം?
ഉപ്പിട്ട ചൂടുവെള്ളത്തില്‍ കോട്ടണ്‍ തുണി മുക്കി ചൂടു പിടിപ്പിക്കുക. പല കാരണങ്ങള്‍ കൊണ്ടും കണ്ണില്‍ കുരു വരാം. കാഴ്ചക്കുറവ്, താരന്, അലര്‍ജി എന്നിവയിലേതെങ്കിലും ഒന്നാവാം കാരണം. ഡോക്ടറെ കണ്ട് നിര്‍ദ്ദേശം തേടുക.
കണ്ണിനെ ബാധിക്കുന്ന അലര്‍ജിക്കുള്ള ചികിത്സ എന്താണ്?
പൊടി, കാറ്റ്, പൂമ്പൊടി തുടങ്ങിയവ കണ്ണിന്റെ അലര്‍ജിക്ക് കാരണമാവാറുണ്ട്. ചൊറിച്ചില്‍, ചുവപ്പ് നിറം, പഴുപ്പ് എന്നിവയാണ് പ്രകടമായ ലക്ഷണങ്ങള്‍. പെട്ടെന്ന് ഡോക്ടറെ കാണുക. അലര്‍ജി ബാധിച്ചവര്‍ ഇടയ്ക്കിടെ കണ്ണ് ശുദ്ധ ജലത്തില്‍ കഴുകുന്നത് നല്ലതാണ്. കൂടാതെ പൊടി തുടങ്ങിയ അലര്‍ജിയുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയും വേണം.
പ്രമേഹം കണ്ണിനെ ബാധിക്കുമോ?
കണ്ണിന്റെ ഞരമ്പുകളെയാണ് പ്രമേഹം ബാധിക്കുക.
സാധാരണക്കാരെ അപേക്ഷിച്ച് പ്രമേഹരോഗികളില്‍ കാഴ്ചക്കുറവ് കൂടുതലായി കാണാറുണ്ടോ?
ഉണ്ട്. പ്രമേഹരോഗികളില്‍ കണ്‍കുരു വരാം. കണ്ണിന്റെ മുന്‍ഭാഗത്തുള്ള സുതാര്യമായ നേത്രപടലത്തിന്റെ മുറിവുകളും മറ്റും ഉണങ്ങാന്‍ കാലതാമസവുമെടുക്കാം. ചിലപ്പോള്‍ മുറിവുകള്‍ ഉണങ്ങാതെ ക്രോണിക് അള്‍സര്‍ ആയിത്തീരുകയും ചെയ്യുന്നു. രോഗികളില്‍ ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നീ അണുക്കളുടെ ബാധമൂലം അള്‍സര്‍ വരുവാന്‍ സാധ്യത കൂടുതലാണ്.
ഡയബറ്റിക് റെറ്റിനോപ്പതി എന്താണ്?
രോഗി പോലും അറിയാതെ വളരെ സാവധാനത്തില്‍ കാഴ്ചശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണിത്. പ്രമേഹം കണ്ണിന്റെ ഞരമ്പിനെ ബാധിക്കുന്നു. രോഗത്തിന്റെ ആരംഭഘട്ടത്തില്‍ പലപ്പോഴും യാതൊരു വിധത്തിലുള്ള രോഗലക്ഷണങ്ങളും ഉണ്ടാകാറില്ല. റെറ്റിനയുടെ രക്തക്കുഴലുകള്‍ ചെറിയ ചെറിയ കുമിളകള്‍പോലെ വീര്‍ത്തുവരുന്ന അവസ്ഥയാണിത്.
എന്തുകൊണ്ടാണ് കണ്ണ് ടെസ്റ്റ് ചെയ്യാതെ കണ്ണട വാങ്ങരുത് എന്ന് പറയുന്നത്?
കണ്ണിന്റെ ആരോഗ്യത്തില്‍ നേത്ര പരിശോധനകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പ്രമേഹം രക്തസമ്മര്‍ദ്ദം തുടങ്ങിയ പല രോഗങ്ങളും കണ്ണിന് തകരാറുണ്ടാക്കുന്നു. അതിനാല്‍ വര്‍ഷം തോറും കണ്ണിന്റെ കാഴ്ചശക്തി പരിശോധിക്കണം. പ്രമേഹമുള്ളവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോര്മലാക്കി സൂക്ഷിക്കണം. 40 വയസ്സ് കഴിഞ്ഞവര്‍ കണ്ണിലെ പ്രഷര്‍, ഞരമ്പുകളുടെ നില എന്നിവ പരിശോധിച്ചിരിക്കണം. ടെസ്റ്റുചെയ്യാതെ വാങ്ങുന്ന കണ്ണട, കണ്ണിന്റെ ആരോഗ്യത്തെ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്.
കണ്ണിന്റെ ആരോഗ്യത്തിന് എപ്പോഴും ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?
കണ്ണില്‍ കഴിയുന്നതും സ്പര്‍ശിക്കാതിരിക്കുക. കണ്ണ് തിരുമ്മുന്നതും ഒഴിവാക്കുക. യാത്ര കഴിഞ്ഞ് വരുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കണ്ണ് കഴുകുന്നത് ശീലമാക്കാം. വെള്ളം തളിച്ച് കഴുകുന്നതാണ് ഉത്തമമായ രീതി. പലതരം അണുക്കള്‍ കൈകളിലൂടെ കണ്ണിനെ ബാധിക്കാനിടയുണ്ട്. ആദ്യം കൈകള്‍ രണ്ടും സോപ്പിട്ട് കഴുകി വൃത്തിയാക്കണം. എന്നിട്ടേ കണ്ണുകള്‍ കഴുകാനൊരുങ്ങാവൂ.