പൊതുയിടങ്ങളിൽ ബുർഖ ധരിച്ചാൽ 82,000 രൂപ പിഴ, വിലക്ക് കർശനമാക്കാനൊരുങ്ങി സ്വിറ്റ്സർലാൻഡ്, ഉടൻ പ്രാബല്യത്തിൽ
ബേർൺ: പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി സ്വിറ്റ്സർലാൻഡ്. ഇത് സംബന്ധിച്ച കരട് നിയമം പാർലമെന്റിൽ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് സ്വിസ് ഫെഡറൽ കൗൺസിൽ പ്രഖ്യാപിച്ചു. ബുർഖ, വെയിൽ, നിഖാബ് എന്നിവ നിരോധനത്തിൽ ഉൾപ്പെടും.എന്നാൽ നിയമസഭ പച്ചക്കൊടി കാണിച്ചാൽ മാത്രമേ നിയമം പ്രാബല്യത്തിൽ വരികയുള്ളൂ.നിയമം ലംഘിക്കുന്നവർ 1000 ഫ്രാങ്ക്സ് (82,488 രൂപ) വരെ പിഴ ഒടുക്കേണ്ടി വരുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, മുഖം മറയ്ക്കൽ നിരോധനത്തിൽ ചില ഇളവുകൾ ഉണ്ടായിരിക്കും. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, സുരക്ഷാപ്രശ്നങ്ങൾ നേരിടുന്നവർ എന്നിവർക്കും കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, പ്രാദേശിക ആചാരങ്ങൾ അനുഷ്ഠിക്കുന്നവർ എന്നിവർക്കും ഇളവ് ലഭിക്കും. നയതന്ത്ര- കോൺസുലാർ ഓഫീസുകൾ, വിമാനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ വിലക്ക് ബാധകമാകില്ല. പൊതുസ്ഥലങ്ങളിൽ കൊവിഡ് പരിരക്ഷ എന്നവണ്ണം മാസ്ക് ധരിക്കുന്നതിന് മാത്രമായിരിക്കും അനുമതി ലഭിക്കുക.പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിക്കുന്നതിനുള്ള നിർദേശം 2021ൽ നടന്ന ഒരു റഫറണ്ടത്തിലാണ് ആദ്യമായി അംഗീകരിക്കപ്പെട്ടത്. 2021 മാർച്ചിൽ ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ വോട്ടെടുപ്പും നടത്തിയിരുന്നു. 51.21 ശതമാനം പേരാണ് നിരോധനത്തെ പിന്തുണച്ച് വോട്ട് ചെയ്തത്. അതേസമയം, സ്വിറ്റ്സർലാൻഡിലെ ജനസംഖ്യയിൽ അഞ്ച് ശതമാനം പേർ മുസ്ലിംങ്ങളാണ്.പൊതു സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാനാണ് മുഖം മറയ്ക്കുന്നത് നിരോധിക്കാനുള്ള തീരുമാനമെന്ന് സ്വിസ് കാബിനറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യൂറോപ്പിലെ ഡെൻമാർക്ക്, ഓസ്ട്രിയ, നെതർലാൻഡ്സ്, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളും പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നതിന് ഭാഗികമായോ പൂർണ്ണമായോ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.