പാസ്പോർട്ടിൽ കൃത്രിമം കാണിച്ചെന്ന് ആരോപണം; ദുബായ് വിമാനത്താവളത്തിൽ 30 മണിക്കൂർ കുടുങ്ങി രഞ്ജു രഞ്ജിമാർ
ദുബായ് വിമാനത്താവളത്തിൽ 30 മണിക്കൂർ കുടുങ്ങിയതിന്റെ അനുഭവം പങ്കുവച്ച് ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്രുമായ രഞ്ജു രഞ്ജിമാർ. പാസ്പോർട്ടിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ഡീപോർട്ട് നടത്താനായിരുന്നു ശ്രമമെന്നും ഒടുവിൽ അഭിഭാഷകരും ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമെത്തി വിവരം ധരിപ്പിച്ചതോടെയാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനായതെന്നും രഞ്ജു പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അവർ അനുഭവം പങ്കുവച്ചത്.പുതിയ പാസ്പോർട്ടിൽ സ്ത്രീ എന്നും പഴയതിൽ പുരുഷൻ എന്നും രേഖപ്പെടുത്തിയതാണ് വിമാനത്താവള ഉദ്യോഗസ്ഥരിൽ ആശയക്കുഴപ്പത്തിന് കാരണമായത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം നിരവധി തവണ ഇവർ ദുബായിൽ വന്നിട്ടുണ്ട്. എന്നാൽ ഇത്തവണ ഇമിഗ്രേഷൻ പരിശോധനയിൽ ഹിസ്റ്ററി നോക്കിയപ്പോൾ പുരുഷൻ എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ പാസ്പോർട്ടിൽ കൃത്രിമം കാണിച്ചെന്ന സംശയത്തിൽ ഡീപോർട്ട് ചെയ്യാനായിരുന്നു നീക്കം. എന്നാൽ മടങ്ങിപ്പോകാൻ രഞ്ജു തയാറായില്ല. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ രഞ്ജു വിമാനത്താവള അധികൃതരെ കാര്യം ധരിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റും ദുബായ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും പ്രശ്നത്തിൽ ഇടപെട്ടു. ഇതോടെ ദുബായിൽ തുടരാൻ അനുവദിക്കുകയായിരുന്നു.ദുബായിലുള്ള തന്റെ ബ്യൂട്ടി കെയർ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച രാവിലെ രഞ്ജു ദുബായ് വിമാനത്താവളത്തിൽ എത്തിയത്. ഒരു രാത്രി മുഴുവൻ അവിടെ കഴിയെണ്ടി വന്ന അവർ അടുത്ത ദിവസം രാവിലെയാണ് പുറത്തിറങ്ങിയത്. ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റിയിൽ ഉള്ളവർക്ക് ഇനി ധൈര്യമായി ദുബായിൽ വരാമെന്നും അതിന് വഴിയൊരുക്കാനായതിൽ സന്തോഷമുണ്ടെന്നും രഞ്ജു വീഡിയോയിലൂടെ പറഞ്ഞു