കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ സൂചകമായി റിപ്പബ്ളിക് ദിനത്തില്‍ സിപിഎം സംഘടിപ്പിച്ച മനുഷ്യശ്യംഖലയില്‍ മുസ്ലീം സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ പങ്കു ചേര്‍ന്നു. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന കാന്തപുരം എപി വിഭാഗം സുന്നികള്‍ സംസ്ഥാനത്തുടനീളം ശൃംഖലയുടെ ഭാഗമായി. അതേസമയം മുസ്ലീം ലീഗിനൊപ്പം നില്ക്കുന്ന ഇകെ വിഭാഗം സുന്നികളുടെ നേതാക്കളും മനുഷ്യശ്യംഖലയുടെ ഭാഗമായത് ശ്രദ്ധേയമായി. മുജാഹിദ് വിഭാഗം മനുഷ്യശ്യംഖലയോട് സഹകരിച്ചു.
ഇകെ സുന്നി വിഭാഗം നേതാക്കളായ ഉമര്‍ ഫൈസി മുക്കം, മുസ്തഫ മുണ്ടുപാറ എന്നിവര്‍ കോഴിക്കോട് കോഴിക്കോട് നഗരത്തില്‍ മനുഷ്യശൃംഖലയുടെ ഭാഗമായി. കോഴിക്കോട് മുതലക്കുളത്ത് കെഎൻഎം പ്രസിഡന്റ് ടി.പി അബ്ദുല്ലകോയ മദനിയും വൈസ് പ്രസിഡന്റ് നിസാർ ഒളവണ്ണയും ശൃംഖലയുടെ ഭാഗമായി. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകണമെന്നു കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു.