പ്രണയ വിവാഹം നടന്നിട്ട് വെറും രണ്ട് മാസം; നവവധു ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
കോട്ടയം: നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ സാബുവിന്റെ ഭാര്യ അനുഷ ജോർജ്(24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അനുഷയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഈ സമയം ഭർത്താവിന്റെ മാതാവും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. സംസ്കാരം പിന്നീട്.തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തിൽ) ഡോ. ജോർജ്- ഐബി ദമ്പതികളുടെ മകളാണ് അനുഷ. എട്ട് മാസത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ഇക്കഴിഞ്ഞ ഓഗസ്റ്ര് 18നായിരുന്നു അനുഷയുടെയും മാത്യൂസിന്റെയും വിവാഹം. പെൺകുട്ടി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ഭർത്താവിന്റെ ബന്ധുക്കൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഡിവൈഎസ്പി മധു ആർ ബാബുവിനാണ് അന്വേഷണ ചുമതല.