മുഖ്യമന്ത്രിയുടെ ദുബായ് യാത്രയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ദുബായ് യാത്രയ്ക്ക് അനുമതിയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍. ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് അനുമതിക്ക് അപേക്ഷിച്ചത്. ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. യു.കെ, നോര്‍വെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു മുഖ്യമന്ത്രി ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് അനുമതിയും തേടിയിരുന്നു. എന്നാല്‍ ആദ്യം അനുമതി തേടിയതില്‍ ദുബായ് സന്ദര്‍ശനം ഉള്‍പ്പെട്ടിരുന്നില്ല.
യു.കെ, നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി അവിടെനിന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ മാത്രമാണ് ദുബായ് സന്ദര്‍ശിക്കുന്നതിനും അനുമതി ആവശ്യപ്പെടുന്ന അപേക്ഷ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിക്കുന്നത്. ആ അപേക്ഷയില്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രി ദുബായില്‍ എത്തുകയും ചെയ്തു. ഇതോടെ മുന്‍കൂട്ടി അനുമതി വാങ്ങാതെയാണ് മുഖ്യമന്ത്രി ദുബായില്‍ എത്തിയിരിക്കുന്നത് എന്നാണ് കേന്ദ്ര വിദേശ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്.
മുഖ്യമന്ത്രിമാര്‍ വിദേശ യാത്രകള്‍ നടത്തുമ്പോള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ടതുണ്ട്. ഇതില്‍ വീഴ്ച സംഭവിച്ചാലും തുടര്‍ നടപടികളൊന്നും ഉണ്ടാകില്ല. പ്രോട്ടോകോള്‍ ലംഘനമുണ്ടായാലും
അതൊരു ഗുരുതര വീഴ്ചയായി കണക്കാക്കാറില്ലെന്നാണ് വിവരം.