വയനാട് നിന്ന് കാണാതായ വനിതാ സി ഐയെ കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്ന്
വയനാട്: കാണാതായ വയനാട് പനമരം സ്റ്റേഷൻ സി ഐ കെ എ എലിസബത്തിനെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. തിങ്കളാഴ്ച കോടതി ഡ്യൂട്ടിക്കായി പാലക്കാടേയ്ക്ക് പോയ എലിസബത്തിനെ കാണാതാവുകയായിരുന്നു. എലിസബത്ത് തിരുവനന്തപുരത്ത് സുഹൃത്തായ റിട്ടയേർഡ് വനിതാ എസ് ഐയുടെ ഫ്ളാറ്റിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് ഇവരെ കണ്ടെത്തിയത്. എസ് ഐയെ കാണാതായതിന് പിന്നാലെ മാനന്തവാടി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തിവരികയായിരുന്നു.വയനാട് നിന്ന് പാലക്കാട് കോടതി ഡ്യൂട്ടിക്കായി പോയ സി ഐ പാലക്കാട് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. രണ്ട് വർഷം മുൻപ് പാലക്കാട് ആലത്തൂർ സ്റ്റേഷനിലെ സി ഐ ആയിരുന്നു എലിസബത്ത്. പനമരം സ്റ്റേഷനിൽ നിന്ന് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലേയ്ക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിയ്ക്കായി പുറപ്പെട്ട് എലിസബത്ത് കോടതിയിൽ എത്തിയിരുന്നില്ല. അവസാനമായി സംസാരിച്ച ഗ്രേഡ് എസ് ഐയോട് കൽപ്പറ്റയിലെ ബസ് സ്റ്റാൻഡിൽ ഉണ്ടെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാൽ കോടതിയിൽ എത്താതായതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നാലെ ഔദ്യോഗിക ഫോണടക്കം രണ്ട് ഫോണുകളും സ്വിച്ച് ഓഫാണെന്ന് കണ്ടെത്തിയിരുന്നു. എലിസബത്ത് പാലക്കാട് എത്തിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മാനന്തവാടിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പാലക്കാട് തിരച്ചിൽ ആരംഭിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന എലിസബത്ത് ചികിത്സ തേടിയോ എന്നതടക്കം പൊലീസ് അന്വേഷിച്ചിരുന്നു. അതേസമയം, എലിസബത്തിനെ കാണാതായതിന്റെ കാരണം വ്യക്തമല്ല. ഇതിനെക്കുറിച്ച് പ്രതികരിക്കാൻ കുടുംബവും തയ്യാറായിട്ടില്ല.