കൊല്ലം: പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യ മഹാശൃഖംലയ്ക്കിടെ കൊല്ലത്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. 27-കാരനായ അജോയ് എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
വന്ദേമാതരം വിളിച്ചെത്തിയ യുവാവ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കൈ ഞരമ്പ് മുറിച്ചുകൊണ്ട് മന്ത്രിമാര്‍ക്കൊരുക്കിയ വേദിക്ക് സമീപത്തേക്ക് ഓടിക്കയറിയ ഇയാളെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റി. കൈയില്‍ കത്തിയുണ്ടായിരുന്നു. മന്ത്രിമാര്‍ ഇരിക്കുന്നതിന് പത്തുമീറ്റര്‍ അടുത്ത് വരെ ഇയാള്‍ എത്തി.
ഇയാളെ ഉടന്‍ തന്നെ പോലീസ് കൊല്ലം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയിലെ മൂന്നുഞരമ്പുകള്‍ പൂര്‍ണമായി മുറിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാള്‍ അബോധാവസ്ഥയിലാണ്. വിദഗ്ധ ചികിത്സയ്ക്കായി അജോയിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനൊരുങ്ങുകയാണ്.
അജോയ് രാഷ്ട്രീയ പ്രവര്‍ത്തകനാണോ എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടി ഇയാള്‍ മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.