വാഹനാപകടത്തിൽ മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹം സംസ്കരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം സംസ്കരിച്ചു. ഈ മാസം ഏഴാം തീയതി സൗദി അറേബ്യയിലെ ഖസീമിൽ അൽറാസ് പട്ടണത്തിന് സമീപം സബ്ഹാനിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ബന്ധുക്കളായ രണ്ട് മലപ്പുറം സ്വദേശികളുടെ മൃതദേഹങ്ങളാണ് സംസ്കരിച്ചത്.
മലപ്പുറം മഞ്ചേരി, വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈൻ (29), സഹോദരി ഭർത്താവ് മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44) എന്നിവരുടെ മൃതദേഹങ്ങളാണ് റിയാദിന് സമീപം ഹുറയ്മല പട്ടണത്തിൽ ഖബറടക്കിയത്. അപകടത്തിൽനിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ഹുസൈന്റെ ഭാര്യ ഫസീലയും ഒന്നര വയസ്സുള്ള കുഞ്ഞും നാട്ടിലേക്ക് മടങ്ങി.
ഹുറയ്മല പട്ടണത്തിൽനിന്ന് മദീന സന്ദർശനത്തിന് പുറപ്പെട്ട സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട 13 പേർ സഞ്ചരിച്ച വാനാണ് അപകടത്തിൽ പെട്ടത്. കെ.എം.സി.സി പ്രവർത്തകരാണ് അപകടാനന്തര നിയമ നടപടികൾ പൂർത്തിയാക്കാനും മൃതദേഹങ്ങള്‍ ഖബറടക്കാനും രംഗത്തുണ്ടായിരുന്നത്.