ഷാഫി സൈക്കോപാത്ത്, ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ ലൈംഗിക വൈകൃതത്തിന് അടിമയാണ്; പ്രതി കറങ്ങാത്ത സ്ഥലം കേരളത്തിലില്ലെന്ന് കമ്മീഷണർ
കൊച്ചി: സാധാരണ മിസിംഗ് കേസല്ലെന്ന് തുടക്കത്തിൽ തന്നെ മനസിലായിരുന്നെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. കഠിനമായ അന്വേഷണത്തിലൂടെയാണ് നരബലി കേസ് തെളിയിച്ചതെന്നും ഇതിനായി അന്വേഷണം വിപുലീകരിക്കേണ്ടി വന്നെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ സംഘത്തെ പേരെടുത്തുപറഞ്ഞുകൊണ്ട് കമ്മീഷണർ അഭിനന്ദിച്ചു.സ്കോർപിയോ കാറിൽ ഷാഫിയും സ്ത്രീയും പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. ഷാഫിയാണ് നരബലിയുടെ മുഖ്യ ആസൂത്രകൻ. ഗൂഢാലോചനയും ആസൂത്രണവും സ്ത്രീകളെ വലയിലാക്കിയതുമൊക്കെ ഇയാളായിരുന്നു. ഷാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇയാൾ സഹകരിച്ചിരുന്നില്ല.ആറാം ക്ലാസുവരെ മാത്രമേ ഷാഫി പഠിച്ചിട്ടുള്ളൂ. ലൈംഗിക വൈകൃതത്തിന് അടിമയാണ് ഇയാൾ. ഷാഫി കറങ്ങാത്ത ഒരു സ്ഥലവും കേരളത്തിലില്ല. ഇയാളൊരു സൈക്കോപാത്താണ്. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നയാളാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ പത്തോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്.ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പത്തനംതിട്ടയിലേക്ക് അന്വേഷണം എത്തിയത്. 2019 മുതൽ ഷാഫിക്ക് ഭഗവൽ സിംഗുമായി ബന്ധമുണ്ട്. ഭഗവലും ലൈലയും ഇയാൾ പറയുന്നതെല്ലാം അനുസരിക്കുന്ന സ്ഥിതിയിലായി. ദമ്പതികൾക്ക് ക്രിമിനൽ പശ്ചാത്താപമില്ല. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ കുറ്റബോധമുള്ളതായി തോന്നുന്നില്ല. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷിക്കും. പ്രതികൾ മനുഷ്യമാംസം കഴിച്ചെന്ന് വിവരമുണ്ട്. ഇക്കാര്യത്തിൽ തെളിവ് ശേഖരിച്ചുവരികയാണ്. – അദ്ദേഹം പറഞ്ഞു.റോസ്ലിന്റെ തിരോധാന അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. ജൂണിൽ കാണാതായെങ്കിലും ഓഗസ്റ്റിൽ മാത്രമാണ് പരാതി നൽകിയത്. ഷാഫി രണ്ട് സ്ത്രീകളുടെയും സാമ്പത്തിക പ്രശ്നങ്ങൾ മുതലെടുത്തു. കത്തിയടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. സമാനമായ കുറ്റകൃത്യം മുമ്പും ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.