ദുരന്തസ്മരണയുടെ പത്താംവാര്‍ഷികം; മലാല പാകിസ്താനില്‍
കറാച്ചി: താലിബാന്റെ തോക്കിൻമുനയിൽനിന്ന് ജീവനുവേണ്ടി പിടഞ്ഞോടിയ മലാല യൂസുഫ്സായ്, ആക്രമണത്തിന്റെ പത്താംവാർഷികത്തിൽ വീണ്ടും പാകിസ്താനിലെത്തി. ഇക്കുറി, വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന സ്വന്തംനാട്ടുകാരെ കാണാനും ആശ്വസിപ്പിക്കാനുമാണ് മലാല എത്തിയത്.
പത്തുവർഷം മുമ്പ്, 2012 ഒക്ടോബർ ഒമ്പതിനാണ് താലിബാൻ ഭീകരൻ മലാലയ്ക്കെതിരേ വെടിയുതിർത്തത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടി മലാല നടത്തിയ പ്രവർത്തനങ്ങളിൽ പ്രകോപിതരായാണ് താലിബാൻ കൊലപാതകം ആസൂത്രണംചെയ്തത്.
തലയ്ക്കുവെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മലാലയെ വിദഗ്ധചികിത്സയ്ക്കായി ബ്രിട്ടണിലേക്ക് കൊണ്ടുപോയി. പിന്നെ ജീവനുവേണ്ടിയുള്ള പോരാട്ടം. അന്ന് മലാലയ്ക്ക് പ്രായം 15.
സാധാരണജീവിതത്തിലേക്ക് തിരിച്ചുവന്ന പെൺകുട്ടി, സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടിയുമുള്ള പോരാട്ടങ്ങളിൽ കൂടുതൽ സജീവമായി. ഒരു തലമുറയുടെ മാതൃകയും പ്രചോദനവുമായി മാറി. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരംനേടി. അതിനുശേഷം പാകിസ്താനിലേക്ക് മലാലയുടെ രണ്ടാംവരവാണിത്.
ജൂണിൽ പാകിസ്താനിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 1700-ഓളം ആളുകൾ മരിക്കുകയും ഒട്ടേറെ നാശനഷ്ടമുണ്ടാവുകയും ചെയ്തു. കറാച്ചിയിൽ വിമാനമിറങ്ങിയ മലാല, ദുരിതബാധിതപ്രദേശങ്ങൾ സന്ദർശിച്ചു. കെടുതികൾ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ദുരിതബാധിതരെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മലാല ഫണ്ട് അറിയിച്ചു.