വാഹന ഫിറ്റ്നെസ് ടെസ്റ്റ് യന്ത്രസഹായത്തോടെ, 40 പരിശോധനകള്‍; പക്ഷെ നടപ്പാക്കാന്‍ ഇനിയും സമയമെടുക്കും
വാഹനത്തിന്റെ ക്ഷമത (ഫിറ്റ്നസ്) പരിശോധിക്കുന്നത് യന്ത്രസഹായത്തോടെ ഓട്ടോമാറ്റിക് ആക്കണമെന്ന കേന്ദ്രനിര്‍ദേശം നടപ്പാക്കിത്തുടങ്ങാന്‍ ഇനിയും അഞ്ചുമാസം. എന്നാല്‍, അതിലേക്കുള്ള ആലോചനപോലും നടത്താതെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍.
വാഹനാപകടങ്ങള്‍ കുറയ്ക്കാനുള്ള പരിശോധനകള്‍ക്ക് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ കുറച്ചുമതിയെന്നതും കൂടുതല്‍ വാഹനങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കാമെന്നതും ഈ സംവിധാനത്തിന്റെ മെച്ചങ്ങളാണ്. റോഡരികിലോ മൈതാനത്തോ നിരത്തിയിട്ടശേഷം ബോണറ്റ് പൊക്കിനോക്കി ഷാസിനമ്പരും എന്ജിന്നമ്പരും ഉറപ്പുവരുത്തുന്നതാണ് ഇപ്പോള്‍ നടക്കുന്ന ഫിറ്റ്നസ് പരിശോധനയിലെ പ്രധാന ഇനം. കൂടിവന്നാല്‍ വാഹനം ഓടിച്ചുനോക്കാറുമുണ്ട്.
എന്നാല്‍, യന്ത്രത്തിന്റെ ക്ഷമതയും ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടുകളുടെ കൃത്യതയും ഉറപ്പുവരുത്തിയുള്ള ശാസ്ത്രീയപരിശോധനകള്‍ ഇതില്‍ ഇല്ല. പോരായ്മകള്‍ മറികടക്കാനാണ് 2019-ല്‍ കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിയില്‍, ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷന് കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചത്. 2023 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഇത്തരത്തിലേ ഫിറ്റ്നസ് നല്‍കാവൂ എന്ന് ഉത്തരവുമിറക്കിയിരുന്നു.
സംസ്ഥാനത്ത് നിലവില്‍ 10 സ്ഥലങ്ങളില്‍ ഫിറ്റ്നസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ശൈലിയിലുള്ള പരിശോധനകളല്ല നടക്കുന്നത്. ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളില്‍ 40-ഓളം പരിശോധനകളാണ് നടക്കുക. ഓരോവിഭാഗം പരിശോധനകള്‍ക്കും അതിന്റെ പ്ലാറ്റ്ഫോമിലേക്ക് വാഹനം ഓടിച്ചുകയറ്റിയാല്‍ മതിയാകും. എന്തെങ്കിലും പാളിച്ചകണ്ടാല് അത് റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍ന്നുള്ള പരിശോധനകള്‍ വിലക്കുകയും ചെയ്യും.