പോക്സോ കേസിലെ അതിജീവിതയും യുവാവും ഒന്നിച്ചുള്ള ഫോട്ടോ സാമൂഹികമാധ്യമത്തിൽ
പാലക്കാട്: പോക്സോ കേസിലെ അതിജീവിതയും യുവാവും ഒന്നിച്ചുള്ള ഫോട്ടോ സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കഞ്ചിക്കോട് ചടയൻകാലായ് കിണർ സ്റ്റോപ്പ് കോങ്ങാട്ടുപാടം വീട്ടിൽ അർജുനെ (22) കസബ പോലീസ് അറസ്റ്റ് ചെയ്തത്.
വിശദമായ ചോദ്യംചെയ്യലിൽ അർജുൻ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. 2021-ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പോക്സോ കേസിലെ അതിജീവിതയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്ന സമയത്ത് എടുത്ത ചിത്രങ്ങൾ അർജുൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
തന്റെ പ്രണയം അതിജീവിത തകർത്തതിന്റെ വൈരാഗ്യത്താലാണ് ഇങ്ങനെ ചെയ്തതെന്നാണ് പിടിയിലായ അർജുൻ മൊഴി നൽകിയതെന്നും പോലീസ് പറഞ്ഞു. അർജുന്റെ പേരിലുള്ള പോക്സോ കേസ് നിലവിൽ പാലക്കാട് ഫസ്റ്റ് അഡിഷണൽ സെഷൻസ് കോടതിയിൽ വിചാരണയിലാണ്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, ഡിവൈ.എസ്.പി. വി.കെ. രാജു എന്നിവരുടെ നിർദേശപ്രകാരം കസബ പോലീസ് ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, സബ് ഇൻസ്പെക്ടർ എസ്. അനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.