ജീവിതത്തിലെ ഏതുപ്രതിസന്ധിയിലും രണ്ടു കാര്യങ്ങൾ പദ്മ മുടങ്ങാതെ ചെയ്തിരുന്നു, എന്നിട്ടും നരബലിക്കിരയായി
കൊച്ചി: ടോയ്ലറ്റ് പോലുമില്ലാത്ത ഒറ്റമുറി, നിന്നുതിരിയാൻ സ്ഥലമില്ല. കിടക്കാൻ കട്ടിലോ ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യങ്ങളോ ഇല്ല. അടുത്ത മുറികളിൽ താമസിക്കുന്നവരുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഇലന്തൂരിൽ നരബലിക്കിരയായ പദ്മം കൊച്ചിയിൽ താമസിച്ചിരുന്നതും ഒറ്റപ്പെട്ട്.വൈറ്റില എളംകുളം ഫാത്തിമ മാതാ റോഡിൽ പള്ളിയുടെ എതിർവശത്ത് റിജുവിന്റെ ഷീറ്റിട്ട പഴയ കെട്ടിടത്തിലായിരുന്നു താമസം. ചെറിയ ഇടനാഴിക്ക് ഇരുവശത്തുമായി പത്ത് മുറികൾ. ഇതിനെല്ലാമായി മൂന്ന് ടോയ്ലറ്റുകൾ മാത്രം. വാടകയായ 3,000 രൂപ കൃത്യമായി നൽകിയിരുന്നു.എറണാകുളം ഷേണായീസ് തിയേറ്റർ, ചിറ്റൂർ റോഡിലെ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് പദ്മം ലോട്ടറി വിറ്റിരുന്നത്. രാവിലെ ഇറങ്ങും. രാത്രിയാണ് തിരിച്ചെത്തുക. ആരുമായും ബന്ധം പുലർത്തിയിരുന്നില്ലെന്ന് അടുത്ത മുറിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി പറഞ്ഞു.സേലത്തിന് സമീപം ധർമ്മപുരി സ്വദേശിനിയായ പദ്മം വർഷങ്ങൾക്ക് മുമ്പ് തൊഴിൽ തേടി എത്തിയതാണ്. രണ്ടു വർഷത്തോളം നാട്ടിൽ കഴിഞ്ഞശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ തിരിച്ചെത്തി. ഒരു സഹോദരിയും മകൻ ശെൽവരാജനും വല്ലപ്പോഴും സന്ദർശിക്കാനെത്തിയിരുന്നതായി നഗരസഭാ കൗൺസിലർ ആന്റണി പൈനുതറ പറഞ്ഞു.ദിവസവും അമ്മ ഫോൺ വിളിക്കുമായിരുന്നെന്ന് മകൻ ശെൽവരാജൻ പറഞ്ഞു. കഴിഞ്ഞ 26നാണ് ഒടുവിൽ വിളിച്ചത്. പിറ്റേന്ന് വിളിച്ചില്ല. തിരികെ വിളിച്ചെങ്കിലും കിട്ടിയില്ല. കൊച്ചിയിലെത്തി ലോട്ടറി വിൽക്കുന്ന സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.’’ എവിടെപ്പോയാലും
പദ്മ പറയുമായിരുന്നു….”പത്തനംതിട്ട : ’’എവിടെപ്പോയാലും പദ്മ പറഞ്ഞിട്ടേ പോവുകയുള്ളൂ. ഫോൺ വിളിച്ചാൽ എപ്പോഴും എടുക്കുമായിരുന്നു. വൈകിട്ട് ആറ് മണിക്കു മുൻപായി വീട്ടിലെത്തുമായിരുന്നു. സെപ്തംബർ 26ന് വൈകിട്ട് ആറിന് ശേഷം വീട്ടിലെത്തിയില്ല. ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു. പിന്നീടാണ് മകൻ കടവന്ത്ര പൊലീസിൽ പരാതി നൽകിയത്…’’ -സഹോദരി പളനിയമ്മ പറഞ്ഞു.
കടവന്ത്രയിൽ ഇരുവരും തൊട്ടടുത്താണ് താമസിച്ചിരുന്നത്.
തമിഴ്നാട് ധർമ്മപുരി സ്വദേശിനിയായ പളനിയമ്മഇന്നലെ ഇലന്തൂരിൽ എത്തിയിരുന്നു. വിങ്ങിക്കരഞ്ഞു ദൂരെ മാറി നിൽക്കുകയായിരുന്നു അവർ.
മുഹമ്മദ് ഷാഫിയെയും ഭഗവൽസിംഗിനെയും അറിയില്ലെന്ന് പളനിയമ്മ പറഞ്ഞു. പദ്മ പറഞ്ഞിട്ടില്ല. പദ്മ ആറ് പവന്റെ മാല ധരിച്ചിരുന്നു. ഇത് തട്ടിയെടുക്കാൻ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നാണ് കരുതിയത്. പദ്മയുടെ രോഗിയായ ഭർത്താവ് നാട്ടിൽ പോയിരിക്കുകയാണ്.