ഗൂഗിൾ പേയിലൂടെ കൈക്കൂലി, യുവാവിനെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥൻ കുടുങ്ങി
പാലക്കാട്: യുവാവിനെ ഭീഷണിപ്പെടുത്തി ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ബിവറേജിൽ നിന്ന് മദ്യം വാങ്ങി വന്ന യുവാവിനെ ഭീഷണിപ്പെടുത്തി 15,000 രൂപ ആവശ്യപ്പെട്ടത്തിന് പാലക്കാട് സിവിൽ എക്സൈസ് ഓഫീസർ ടി എസ് അനിൽ കുമാറിനെതിരെയാണ് നടപടി.ബിവറേജിൽ നിന്ന് മൂന്ന് ലിറ്റർ മദ്യം വാങ്ങിവന്ന യുവാവിനെ അനിൽ കുമാർ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് പറഞ്ഞു. പിന്നാലെ ആദ്യ ഗഡുവായി 5000 രൂപ ഗൂഗിൾ പേയിലൂടെ കൈപ്പറ്റി. ഇതേത്തുടർന്ന് ഉദ്യോഗസ്ഥനെതിരെ പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ നടപടിയെടുക്കുകയായിരുന്നു. അനിൽ കുമാർ കൈക്കൂലി കൈപ്പറ്റിയതിലൂടെ വകുപ്പിനെ അപകീർത്തിപ്പെടുത്തിയെന്ന് കണ്ടെത്തിയതായി ചൂണ്ടിക്കാണിച്ചാണ് നടപടി.