ചെറുപുഴയില്‍ കാട്ടുകൊമ്പന്റെ പരാക്രമം; ബൈക്ക് കുത്തിത്തെറിപ്പിച്ചു, ആളുകള്‍ ചിതറിയോടി
നിലമ്പൂര്‍: മലപ്പുറം കരുളായി ചെറുപുഴയില്‍ കാട്ടുകൊമ്പന്റെ പരാക്രമം. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ചെറുപുഴയിലെ കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കുത്തിത്തെറിപ്പിച്ചു. ആനയുടെ വരവും ആക്രമണവും കണ്ട് ആളുകള്‍ ഓടി രക്ഷപ്പെട്ടു. ആനയുടെ പരാക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആന വള്ളിക്കെട്ട് ഭാഗത്തേക്ക് നീങ്ങിയെന്നാണ് വിവരം.
നിലമ്പൂര്‍ കാടുകളോട് ചേര്‍ന്നുകിടക്കുന്ന മേഖലയാണ് കരുളായി. ചെറുപുഴയിലാണ് കാട്ടാന ഇറങ്ങിയത്. രാത്രി എട്ടരയോടെ ചെറുപുഴ പാലത്തിന് സമീപത്തുകൂടി കാട്ടാന ജനവാസമേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. കടയുടെ മുന്പില് നിര്‍ത്തിയിട്ട ബൈക്ക് കുത്തിമറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഓടിക്കാന്‍ ശ്രമിച്ചവര്‍ക്കു നേരെ ആന പാഞ്ഞടുക്കുന്നതും അക്രമിക്കാനെത്തുന്ന ആനയില്‍നിന്ന് നാട്ടുകാര്‍ ഓടിരക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.
പ്രദേശവാസികളും വനപാലകരും ചേര്‍ന്ന് ആനയെ വനമേഖലയിലേക്ക് കടത്തിവിട്ടു. കരുളായി പഞ്ചായത്തിലെ ഭൂമിക്കുത്ത്, മയിലമ്പാറ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കാട്ടാനശല്യം അതിരൂക്ഷമാണ്. ഇതിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം.