ഐശ്വര്യമുണ്ടാവാൻ ഡോക്ടർ നാല് വയസുള്ള സ്വന്തം മകളെ പീഡിപ്പിച്ചു കൊന്നു, ഇലന്തൂരിൽ ഇതിനുമുൻപും ആഭിചാര കർമ്മം
പത്തനംതിട്ട : ആഭിചാര കർമ്മത്തെ തുടർന്നുള്ള കൊലപാതകം ഇലന്തൂരിൽ നേരത്തെയും നടന്നിട്ടുണ്ട്. ഇലന്തൂർ, പരിയാരം പൂക്കോട്ട് കണിയാംകണ്ടത്തിൽ ശശിരാജപണിക്കർ എന്ന ഹോമിയോ ഡോക്ടർ നാല് വയസുള്ള തന്റെ മകളെ 1997ൽ പീഡിപ്പിച്ച് കൊന്നതിന് ശിക്ഷ അനുഭവിച്ചാണ് മരിച്ചത്. ശശിരാജപണിക്കർ ഐശ്വര്യത്തിന്റെ പേരിൽ നടത്തിയ കൊലപാതകത്തിന് പിന്നിൽ കാമുകിയായ ചേർത്തല സ്വദേശിയെ വിവാഹം കഴിക്കാനുള്ള ലക്ഷ്യമായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആദ്യ ഭാര്യയെ ഉപേക്ഷിച്ച ശശിരാജപണിക്കർ വൈകാതെ മറ്റൊരു വിവാഹം കഴിച്ചു. ഇതിലുണ്ടായ കുട്ടിയെയാണ് കൊലപ്പെടുത്തിയത്.
കുഞ്ഞിന്റെ ശരീരത്ത് കത്തിച്ച സിഗരറ്റ് കുത്തി നോവിച്ചുകൊണ്ടാണ് ക്രൂരത തുടങ്ങിയത്. ഇതിനിടെ, ചേർത്തലയിലെ യുവതിയുമായി ഇയാൾ വീട്ടിലെത്തി. മാന്ത്രിക സിദ്ധിയുള്ള യുവതിയാണെന്ന് ഭാര്യയെ വിശ്വസിപ്പിച്ചു. യുവതിയുമൊത്ത് പ്രാർത്ഥനാമുറിയിൽ കടന്ന ഇയാൾ ഭാര്യയെ അകറ്റിനിറുത്തി. ഇതിനിടെ, ക്രൂരതയ്ക്ക് ഇരയായ കുട്ടി കടുത്ത അണുബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങി.
നാട്ടുകാർ വിവരം അറിയിതോടെ അന്ന് പത്തനംതിട്ട എസ്.പിയായിരുന്ന റിട്ട.ഡി.ജി.പി ശ്രീലേഖയുടെ നിർദ്ദേശ പ്രകാരം ആറന്മുള പൊലീസ് സ്ഥലത്തെത്തി. പണിക്കരുടെ ഭാര്യയുടെ മൊഴി നിർണായകമായി. പണിക്കരും ഭാര്യയും കാമുകിയും അറസ്റ്റിലായി. ശശിരാജപണിക്കർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു. മറ്റുള്ളവർ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ വച്ച് ശശിരാജപണിക്കർ മരിച്ചു.