നിങ്ങളെന്നെ ഭീകരനാക്കി! വ്യാജപ്രചരണങ്ങളിലൂടെ മനുഷ്യനെക്കൊല്ലിയാക്കിയ ചിത്രശലഭപ്പുഴു ശരിക്കുമൊരു പാവത്താൻ
എഴുകോൺ: വ്യത്യസ്ത ശരീര പ്രകൃതിയുള്ള ചിത്രശലഭപ്പുഴുവിനെ സോഷ്യൽ മീഡിയയിലൂടെ ചിലർ വില്ലനാക്കുന്നു. മനുഷ്യനെക്കൊല്ലിയെന്നാണ് ഇവർ ചിത്രീകരിക്കുന്നത്.കർണാടകയിൽ നിന്നാണ് വ്യാജ പ്രചാരണത്തിന്റെ തുടക്കം. ദേഹമാസകലം മുള്ളുകൾ വളർന്നു നിൽക്കുന്നത് പോലെയാണ് പുഴുവിന്റെ ശരീര പ്രകൃതം. കടിച്ചാൽ അഞ്ച് മിനിട്ടിനുള്ളിൽ മരണം സംഭവിക്കുമെന്നാണ് പ്രചാരണം.
മനുഷ്യനെ കടിക്കാനുള്ള കഴിവ് ഇവയ്ക്ക് ഇല്ലെന്നാണ് ശാസ്ത്ര രംഗത്തുള്ളവർ പറയുന്നത്. ശത്രുക്കളിൽ നിന്ന് സ്വയം പ്രതിരോധിക്കാനുള്ളതാണ് മുള്ളുകൾ. തൊടുന്നവരിൽ മുള്ള് കുത്തിക്കയറുന്ന അനുഭവം ഉണ്ടാകും. ശരീരത്തിൽ ചൊറിച്ചിലും ഉണ്ടാകാം. ഇതിനപ്പുറമുള്ള ഒരു കഴിവും പരാഗണ സഹായിയായ പുഴുവിനില്ല.
പശ്ചിമഘട്ട മലനിരകളിൽ സ്വാഭാവികമായി കാണുന്ന പുഴു മാവ് പോലെയുള്ള വൃക്ഷങ്ങളിലാണ് കാണുന്നത്. എന്നാൽ വസ്തുതകൾ അറിയാതെയുള്ള വ്യാജ പ്രചാരണത്തിലൂടെ വില്ലനായി മാറിയിരിക്കുകയാണ് ചിത്രശലഭപ്പുഴു. മനുഷ്യനിൽ ചൊറിച്ചിൽ മാത്രം ഉണ്ടാക്കുന്ന ലിമാ കോഡിഡേ വിഭാഗത്തിൽ പെട്ട ഷഡ്പദമാണിത്. മനുഷ്യനെ കൊല്ലിയാണെന്നതടക്കമുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്.