ചുറ്റും തട്ടിപ്പുകാർ! ജോലി നൽകാനായി വിളിക്കുന്പോൾ ഓഫറിൽ വീഴരുത്, പെൺകുട്ടികളെ കുരുക്കാൻ സെക്സ് റാക്കറ്റുകൾ
കൊച്ചി: വിസ ഏജൻസികളുടെ വാക്കാലുള്ള ഉറപ്പിന്റെ മാത്രം ബലത്തിൽ ഗൾഫിലേക്ക് ‘ടേക് ഓഫ്’ ചെയ്യുന്നവർക്കു തകർന്ന സ്വപ്നങ്ങളുമായി ‘ക്രാഷ് ലാൻഡ്’ ചെയ്യേണ്ടിവരും. അനധികൃത ഏജൻസികളുടെയും കടലാസ് കമ്പനികളുടെയും വാഗ്ദാനത്തിൽ മയങ്ങി ചാടിപ്പുറപ്പെട്ടാൽ പണം മാത്രമല്ല, വിലപ്പെട്ട രേഖകളും നഷ്ടമാകും. പെൺകുട്ടികൾ പലപ്പോഴും സെക്സ് റാക്കറ്റുകളുടെ കുരുക്കിലകപ്പെടും.കേരള പൊലീസിന്റെ എൻ.ആർ.ഐ സെല്ലിൽ മനുഷ്യക്കടത്തടക്കം 278 കേസുകളാണ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത്. നടപടികളും ബോധവത്കരണവും ഊർജിതമാക്കിയിട്ടും ഇരകൾ വർദ്ധിക്കുകയാണ്. വിസയും ഓഫർ ലെറ്ററും ലഭിക്കുമ്പോൾ അങ്ങനെയൊരു കമ്പനിയുണ്ടോയെന്ന് ഉറപ്പാക്കണം. തൊഴിൽ കരാറും ഓഫർ ലെറ്ററും ഒത്തുനോക്കണം. ഗൾഫിലെ സുഹൃത്തുക്കളുടെയോ ഇന്ത്യൻ എംബസിയുടെയോ സഹായം തേടാം. അവിശ്വസനീയമായ ശമ്പളവും ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നവരെയും രജിസ്ട്രേഷനും വിസയ്ക്കും പണം ചോദിക്കുന്നവരെയും സൂക്ഷിക്കണം.വീഴരുത്, ഓഫറിൽപ്രമുഖ കമ്പനികളുടെ പേരിലെ ഓഫർ ലെറ്ററുകൾ നൽകിയാണ് പണം തട്ടുക. ഓഫർ ലെറ്റർ കിട്ടിയ പലർക്കും ലഭിച്ചത് ടൂറിസ്റ്റ് സന്ദർശക വിസകളാണ്. സന്ദർശക വിസയിൽ ജോലി ചെയ്യുന്നതും തൊഴിൽ അന്വേഷിക്കുന്നതും നിയമവിരുദ്ധമാണ്.ഗൾഫിൽ പൊതുവേ വിസാ ചെലവ് തൊഴിലുടമയാണ് വഹിക്കുക. സ്വന്തം സ്ഥാപനത്തിന്റെ തൊഴിൽ വിസ എടുക്കാൻ മറ്റു വ്യക്തികളെയോ സ്ഥാപനങ്ങളെയോ അവർ ചുമതലപ്പെടുത്താറില്ല.ഉറപ്പാക്കാം, ശുഭയാത്രതൊഴിൽ തേടി വിദേശത്തു പോകുന്നവർ ചതിയിൽപെടാതിരിക്കാൻ ‘ശുഭയാത്ര’ പദ്ധതിക്ക് കേരള പൊലീസ് എൻ.ആർ.ഐ സെൽ തുടക്കം കുറിച്ചതായി ചുമതലയുള്ള എസ്.പി കെ.ലാൽജി പറഞ്ഞു. വിദേശ മലയാളികളുടെ തൊഴിൽ പ്രശ്നങ്ങളിൽ മാർഗനിർദേശങ്ങൾ നൽകും.മനുഷ്യക്കടത്ത് ഗുരുതരം
* വ്യാജരേഖകൾ ഉപയോഗിച്ചോ ഭീഷണിപ്പെടുത്തിയോ വഞ്ചിച്ചോ ഒരാളെ മറ്റൊരു രാജ്യത്തേക്കു കടത്തുന്നത് മനുഷ്യക്കടത്തായി കണക്കാക്കും. പണം നൽകിയോ നൽകാമെന്നു വിശ്വസിപ്പിച്ചോ ഇരയുടെ സമ്മതം വാങ്ങിയാലും കുറ്റകരം.
* ഇരകളെ ലൈംഗികമായി ചൂഷണം ചെയ്യുക, ദാസ്യവേലയും കുറ്റകൃത്യങ്ങളും ചെയ്യിക്കുക, ഭിക്ഷാടനം നടത്തിക്കുക, ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ജോലി ചെയ്യിക്കുക തുടങ്ങിയവ മനുഷ്യക്കടത്തിന്റെ ദുരന്തവശങ്ങളാണ്.* 30 വയസിൽ താഴെയുള്ള വനിതകളെ വീട്ടു ജോലിക്ക് റിക്രൂട്ട് ചെയ്യരുതെന്നാണ് ഇന്ത്യൻ എമിഗ്രേഷൻ ചട്ടം.