നരബലിക്കായി ഷാഫി കൈക്കലാക്കിയത് ലക്ഷങ്ങൾ, ഉറ്റ സുഹൃത്തിന്റെ ഭാര്യയേയും ഇലന്തൂരിലെത്തിക്കാൻ ശ്രമിച്ചു; പണം മാത്രമായിരുന്നില്ല പ്രതിയുടെ ലക്ഷ്യം
പത്തനംതിട്ട: ഇലന്തൂരിലെ നരബലിക്കായി ഭഗവൽ സിംഗിൽ നിന്ന് ഷാഫി കൈക്കലാക്കിയത് ലക്ഷങ്ങൾ. സേലം ധർമ്മപുരി സ്വദേശിനിയും എളംകുളം ഫാത്തിമമാത ചർച്ച് റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായ പദ്മത്തെ എത്തിക്കാൻ ഒന്നര ലക്ഷം രൂപയാണ് ഷാഫിക്ക് ഭഗവൽ സിംഗ് വാഗ്ദ്ധാനം ചെയ്തത്.
റോസ്ലിയെ എത്തിച്ചത് എത്ര രൂപയ്ക്കാണെന്ന് ഷാഫി വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ പണമിടപാടുകളെക്കുറിച്ച് പൊലീസ് പരിശോധിച്ചുവരികയാണ്. ഉറ്റ സുഹൃത്തിന്റെ ഭാര്യയേയും ഇലന്തൂരിലെത്തിക്കാൻ ഷാഫി ശ്രമിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഷാഫി കൊടും കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. ഇലന്തൂർ സംഭവത്തിൽ പണം മാത്രമായിരുന്നില്ല പ്രതിയുടെ ലക്ഷ്യം. ഷാഫി മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും പൊലീസ് വ്യക്തമാക്കി.
വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയത് ഭാര്യയുടെ ഫോണിൽ നിന്ന്
ഫേസ്ബുക്കിൽ ശ്രീദേവിയെന്ന പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച ഷാഫി, ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുകയെന്ന് കുറിപ്പിട്ടിരുന്നു. ഇതുകണ്ടാണ് ഭഗവൽ സിംഗ് ബന്ധപ്പെട്ടത്. പെൺകുട്ടിയായി ചമഞ്ഞ് ഭഗവൽ സിംഗുമായി സൗഹൃദം സ്ഥാപിച്ച് ചുരുങ്ങിയ സമയംകൊണ്ട് വിശ്വാസം നേടിയെടുത്തു. സമ്പദ്സമൃദ്ധിക്കായി പൂജ നടത്തിയാൽ മതിയെന്നും മന്ത്രവാദം ചെയ്യുന്ന ഒരാളെ പരിചയമുണ്ടെന്നും ഭഗവൽ സിംഗിനെ വിശ്വസിപ്പിച്ചു. മന്ത്രവാദിയുടേതെന്ന പേരിൽ ഷാഫി സ്വന്തം ഫോൺ നമ്പർ നൽകി. വ്യാജ പ്രൊഫൈൽ ഭാര്യയുടെ ഫോണിൽ നിന്നാണ് ഷാഫി ഉണ്ടാക്കിയത്.