സ്വകാര്യ ലോഡ്ജിൽ എം ഡി എം എ വേട്ട, യുവതിയടക്കം രണ്ടുപേർ പിടിയിൽ
കോഴിക്കോട് : നഗരത്തിൽ എം.ഡി.എം.എയുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ. കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ് (27), അരീക്കോട് കാവനൂർ സ്വദേശി ശില്പ (23) എന്നിവരെയാണ് കോഴിക്കോട് സിറ്റി ആന്റി നർകോടിക് സെൽ അസി.കമ്മിഷണർ പ്രകാശൻ പി പടന്നയിലും സംഘവും പിടികൂടിയത്. ആനി ഹാൾ റോഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച അഞ്ച് ഗ്രാം എം.ഡി.എം.എ യുമായി പ്രതികൾ പിടിയിലായത്. മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കണ്ടെത്തി. പിടിയിലായ മുഹമ്മദ് അൽത്താഫ് നേരത്തെ സൗത്ത് ബീച്ച് പരിസരത്ത് അലീഭായ് എന്ന തട്ടുകട നടത്തിയിരുന്നു. ഇവർക്ക് എവിടെ നിന്നാണ് ലഹരി മരുന്ന് കിട്ടിയതെന്നും ആർക്കൊക്കെയാണ് വിൽപ്പന നടത്തിയതെന്നും അന്വേഷിച്ചുവരികയാണെന്ന് ടൗൺ സർക്കിൾ ഇൻസ്പെക്ടർ ബിജു എം.വി പറഞ്ഞു.കോഴിക്കോട് ഡാൻസഫ് അസി.സബ് ഇൻസ്പെക്ടർ മനോജ് എടയേടത്, സീനിയർ സി.പി.ഒ കെ.അഖിലേഷ്, സിവിൽ പൊലീസ് ഓഫീസർ ജിനേഷ് ചൂലൂർ, സനോജ് കാരയിൽ, അർജുൻ അജിത്, ടൗൺ പൊലീസ് സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദ്, സബ് ഇൻസ്പെക്ടർ വാസുദേവൻ.പി, കസബ സ്റ്റേഷനിലെ വനിതാ എസ്.സി.പി ഒ.സിന്ധു, എലത്തൂർ സ്റ്റേഷനിലെ ദീപ തുടങ്ങിയവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.