ന്യൂദല്‍ഹി: രാജ്യം എഴുപത്തിയൊന്നാം റിപ്പബ്ലിക്ക് ദിനം ആചരിക്കുമ്പോള്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന ദല്‍ഹി ഷാഹിന്‍ ബാഗില്‍ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. ഒപ്പം ദേശീയ ഗാനം ആലപിക്കുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു. പൗരത്വഭേദഗതി നിയമത്തിനെതിരേയും ദേശീയ ജനസംഖ്യ രജിസ്റ്ററിനെതിരേയും ഒരു മാസമായി ഷാഹിന്‍ ബാഗില്‍ ശക്തമായ പ്രതിഷേധം നടന്നുവരികയാണ്.
ഡിസംബര്‍ 15ന് മരം കോച്ചുന്ന തണുപ്പില്‍ ആരംഭിച്ചതാണ് ഷാഹിന്‍ ബാഗിലെ സ്ത്രീകളുടെ സമരം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായി മാറുകയായിരുന്നു പിന്നീട് ഷാഹിന്‍ ബാഗ്. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ല എന്നതാണ് ഷാഹിന്‍ ബാഗിലെ സ്ത്രീകളുടെ നിലപാട്.
ഷാഹിന്‍ ബാഗ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജെ.എന്‍.യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ജനുവരി 16 ന് അലിഗണ്ഡ് മുസ്ലീം സര്‍വ്വകലാശാലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ഷര്‍ജീല്‍ ഇമാമിനെതിരെയാണ് യു.എ.പി.എ ചുമത്തിയത്.ഷാഹിന്‍ ബാഗ് പ്രതിഷേധത്തെ പിന്തുണച്ച് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ബി.ജെ.പി പ്രക്ഷോഭത്തിനെതിരെ ശക്തമായി രംഗത്തെത്തുന്നതിനോടൊപ്പം പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് മാറ്റാനും ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം ഷാഹിന്‍ബാഗ് ഇല്ലാത്ത ദല്‍ഹിക്കായി താമരക്ക് വോട്ടാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ രംഗത്തെത്തിയിരുന്നു.
‘മാലിന്യവിമുക്തമായ ദല്‍ഹിയാണ് നമുക്കാവശ്യം. എല്ലാ വീട്ടിലും കുടിക്കാന്‍ ശുദ്ധമായ വെള്ളം ഉണ്ടാവണം. 24 മണിക്കൂര്‍ വൈദ്യുതി, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സൗകര്യം, ഇവിടെ അനധികൃതമായ കോളനികള്‍ വേണ്ട, മികച്ച ഗതാഗത സൗകര്യം, സൈക്കിള്‍ ട്രാക്ക്, ലോകോത്തരമായി മികച്ച റോഡുകള്‍, ഇവിടെ ട്രാഫിക് ജാമോ ഷാഹിന്‍ ബാഗുകളോ വേണ്ട. അത്തരമൊരു ദല്‍ഹിയാണ് നമുക്കാവശ്യം.’ എന്നായിരുന്നു അമിതാഷായുടെ പരാമര്‍ശം. ഇതിനായി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ വീഴാതെ ജനങ്ങള്‍ നരേന്ദ്രമോദിക്കും താമരക്കും പിന്തുണ പ്രഖ്യാപിക്കണമെന്നും അമിത്ഷാ പറഞ്ഞിരുന്നു.