ബുര്‍ജീൽ ഹോൾഡിങ്സ് അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു
അബുദാബി: യുഎഇയിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുര്‍ജീൽ ഹോൾഡിങ്സ് അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. ആദ്യദിനം മികച്ച പ്രതികരണമാണ് ബുര്ജീലിൻറെ ഓഹരികൾക്ക് ലഭിച്ചത്
ഓഹരിയൊന്നിന് രണ്ട് ദിര്‍ഹം നിരക്കിൽ വിപണിയിലിറക്കിയ ബുര്‍ജീൽ ഓഹരികൾ തിങ്കളാഴ്ച രാവിലെയാണ് അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. എന്നാൽ വ്യാപാരം തുടങ്ങിയതാകട്ടെ രണ്ട് ദിര്‍ഹം മുപ്പത്തിയൊന്ന് ഫിൽസ് നിരക്കിലും. ഒരു ഘട്ടത്തിൽ ഓഹരിവില 2.40 ദിര്‍ഹം വരെ ഉയര്‍ന്നു. 110 കോടി ദിര്‍ഹമാണ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തത് വഴി ബുര്‍ജീൽ ഹോൾഡിങ്സ് സമാഹരിച്ചത്.
അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്ന ഏറ്റവും വലിയ ആരോഗ്യസേവന ദാതാവാണ് ബുര്‍ജീൽ. നേരത്തെ യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ ഇന്റര്‍നാഷനൽ ഹോൾഡിങ് കമ്പനി ബുര്ജീലിൻറെ പതിനഞ്ച് ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു