നരബലി നടത്തിയ ഭഗവന്ത് നാട്ടുകാരുടെ പ്രിയപ്പെട്ട വൈദ്യൻ, നടത്തിയിരുന്നത് തിരുമ്മൽ ചികിത്സ, രാത്രിയിലും ചികിത്സിച്ചു
പത്തനംതിട്ട: തിരുവല്ലയിൽ ദുർമന്ത്രവാദത്തിന്റെ ഭാഗമായി രണ്ട് സ്ത്രീകളെ ബലിനൽകിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവല്ല സ്വദേശി ഭഗവന്ത് സിംഗ് നാട്ടുകാർക്ക് പ്രിയപ്പെട്ട വൈദ്യൻ. ആറന്മുള പൊലീസ് സ്റ്റേഷനതിർത്തിയിലെ ഇലന്തൂരിൽ വർഷങ്ങളായി ഇയാൾ വീട്ടിൽ തിരുമ്മുചികിത്സ നടത്തിയിരുന്നു. ഏത് രാത്രിയിലും ചികിത്സയ്ക്കായി വൈദ്യരെ സമീപിക്കാമായിരുന്നു. എത്തുന്ന രോഗികളെ ഒരിക്കലും അയാൾ നിരാശനാക്കി വിട്ടിരുന്നില്ല. പലപ്പോഴും രാത്രിയിൽപ്പോലും ദൂരെദിക്കിൽ നിന്ന് രോഗികളെയുംകൊണ്ട് വാഹനങ്ങൾ എത്തിയിരുന്നു. എന്നാൽ ഇതുവരെ ഒരു സംശയവും തോന്നിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെ പൊലീസ് ഭഗവന്ത് സിംഗിനെയും ഭാര്യ ലൈലയെയും കസ്റ്റഡിയിലെടുത്തപ്പോഴാണ് എന്തോ പന്തികേടുണ്ടെന്ന് നാട്ടുകാർക്ക് മനസിലായത്. എന്നാൽ ഇരുവരും അരുകൊല നടത്തിയതാണെന്ന് നാട്ടുകാർക്ക് മനസിലായത് ഇന്ന് രാവിലെയോടെയാണ്. വിവരമറിഞ്ഞ് വൈദ്യർ ചികിത്സിച്ചിരുന്ന രോഗികളിൽ പലരും സ്ഥലത്ത് എത്തിയിട്ടുണ്ട്.സാമ്പത്തിക ഉന്നമനത്തിനായി ഭഗവന്ത് സിംഗ് ബലിയർപ്പിക്കൽ നടത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചത് രണ്ടാഴ്ചയ്ക്കുമുമ്പാണ്. രണ്ടാഴ്ചയായി ഇതുസംബന്ധിച്ച് അന്വേഷണത്തിലാണ്. വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമായിരുന്നു ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കുഴിച്ചുമൂടിയ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിനുശേഷമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക.