ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കത്തിച്ച് കൊന്നു; കൊടുംക്രൂരതയ്ക്ക് പിന്നിൽ അയൽവാസിയായ പതിനെട്ടുകാരൻ
ന്യൂഡൽഹി: ഏഴിവയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ പതിനെട്ടുകാരൻ അറസ്റ്റിൽ. ഹരിയാനയിലെ കൈതാൽ ജില്ലയിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ അയൽവാസിയാണ് പ്രതിയായ പവൻ.ശനിയാഴ്ചയാണ് കുട്ടിയെ കാണാതാവുന്നത്. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായാണ് പെൺകുട്ടി വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയത്. എന്നാൽ ഏറെ നേരമായിട്ടും തിരികെവരാത്തതിനെ തുടർന്ന് വീട്ടുകാരും സമീപവാസികളും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം വനത്തിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.അന്വേഷണത്തിന്റെ ഭാഗമായി സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഇതിൽ നിന്നാണ് പ്രതി പവൻ പെൺകുട്ടിയുമായി സംസാരിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് പവനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. കുട്ടിയുടെ മൃതദേഹം വിശദ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേയ്ക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു.