കോട്ടയത്ത് നടുറോഡിൽ സ്കൂൾ വിദ്യാർത്ഥിനികളുടെ തല്ലുമാലയും തെറിവിളിയും, ന്യൂജെൻ അസഭ്യത്തിൽ ഞെട്ടി പൊലീസും നാട്ടുകാരും
കോട്ടയം : മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥിനികൾ തമ്മിൽ വാക്കേറ്റവും അസഭ്യവർഷവും. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. ആർപ്പൂക്കര ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികൾ തമ്മിലായിരുന്നു സംഘർഷം.ഇന്നലെ സ്കൂളിൽ നടന്ന പരിപാടിയിൽ കമന്റടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ബസ് കയറുന്നതിനായി സ്റ്റാൻഡിലേക്ക് പോകവെ ഇരുവരും തമ്മിൽ റോഡിലൂടെയും വാക്കേറ്റം ഉണ്ടായി. ഇതോടെ സുഹൃത്തുക്കളായ മറ്റ് വിദ്യാർത്ഥിനികളും ചേർന്നു. സംഭവത്തിൽ നാട്ടുകാർ ഇടപെട്ടെങ്കിലും സ്റ്റാൻഡിലെത്തിയ ഇവർ വീണ്ടും അസഭ്യവർഷം തുടർന്നു.വിവരമറിഞ്ഞ് ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ നാല് വിദ്യാർത്ഥിനികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് രക്ഷകർത്താക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു.