‘നിങ്ങൾ പുറത്താക്കൂ ഞങ്ങൾ അകത്ത് തന്നെയുണ്ട്, നിങ്ങൾ താമസിയാതെ പുറത്ത് പോകേണ്ടി വരിക തന്നെ ചെയ്യും’; സന്ദീപ് വാര്യരോട് താൻ കൂടെയുണ്ടാകുമെന്ന് രാമസിംഹൻ അബൂബക്കർ
പാലക്കാട്: ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സന്ദീപ് വാര്യർക്ക് പിന്തുണയുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകൻ തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്. ‘സന്ദീപ് വാര്യർ ഞാൻ കൂടെയുണ്ടാകും’എന്നാണ് രാമസിംഹന്റെ കുറിപ്പ്.
‘നിങ്ങൾ പുറത്താക്കൂ ഞങ്ങൾ അകത്തു തന്നെയുണ്ട്. നിങ്ങൾ താമസിയാതെ പുറത്ത് പോകേണ്ടി വരിക തന്നെ ചെയ്യും, കാലം സാക്ഷി’- എന്ന് പറഞ്ഞുകൊണ്ട് മറ്റൊരു കുറിപ്പും സംവിധായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് ഇന്നലെയാണ് സന്ദീപ് വാര്യരെ നീക്കിയത്. നേതൃത്വത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ കോട്ടയത്ത് ചേർന്ന ബി ജെ പി കോർ കമ്മിറ്റി യോഗത്തിലാണ് നടപടിയെടുത്തത്. പാർട്ടി സ്വാധീനം ഉപയോഗിച്ച് സന്ദീപ് വാര്യർ വ്യാപകമായി പിരിവ് നടത്തിയെന്ന ആരോപണവുമായി പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ നേരത്തെ രംഗത്ത് വന്നിരുന്നു.
സംസ്ഥാന വക്താവെന്ന നിലയിൽ സന്ദീപ് വാര്യരുടെ പ്രവർത്തനം തൃപ്തികരമല്ലെന്നും, ആഭ്യന്തര കാര്യമായതിനാൽ കാരണങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.