പൊലീസിൽ പരാതി നൽകിട്ടും ശല്യം തുടർന്നു, യുവതിയെ വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി; കെട്ടിയിട്ട് വായ്ക്കുള്ളിൽ കരിയില കുത്തിത്തിരുകി മർദിച്ച യുവാവ് അറസ്റ്റിൽ
പുത്തൂർ: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റിൽ. എസ് എൻ പുരം ലാൽ സദനിൽ ലാലുമോൻ (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പുത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയാണ് മർദനത്തിനിരയായത്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് യുവതി ആക്രമിക്കപ്പെട്ടത്. വിജനമായ റബ്ബർ തോട്ടത്തിനടുത്തെത്തിയപ്പോൾ യുവതിയെ ലാലുമോൻ തടഞ്ഞുനിർത്തി അടിച്ചു. തുടർന്ന് റബ്ബർ തോട്ടത്തിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും കെട്ടിയിട്ട് മർദിക്കുകയുമായിരുന്നു. ശബ്ദം പുറത്തുവരാതിരിക്കാൻ വായ്ക്കുള്ളിൽ കരിയില കുത്തിത്തിരുകുകയും ചെയ്തു. യുവതിയുടെ ഫോണും എറിഞ്ഞുടച്ചു.കെട്ടഴിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ യുവാവ് പിന്നാലെയെത്തി വീണ്ടും പിടികൂടി. ഈ സമയം നാട്ടുകാരനായ ഒരാൾ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയതിന് നാല് മാസം മുമ്പ് പരാതി ലഭിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.