പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്- മന്ത്രി പി.എ.മുഹമ്മദ് റിയാസ്
കാസർകോട് :കല്ലും മുള്ളും നിറഞ്ഞ പാതയില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ലെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മാരിവില്ല് ക്ലബ് ട്രാന്സ്ജെന്റ്ഴ്സ് ശാക്തീകരണ പദ്ധതിയുടെ ഭാഗമായി തച്ചങ്ങാട് ബി.ആര്.ഡി.സി. ബേക്കല്‍ കള്‍ച്ചറല്‍ സെന്ററില്‍ നടത്തുന്ന സംസ്ഥാന ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രാന്‍സ് ജെന്‍ഡഴ്സ് ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക, സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ഉന്നമനത്തിന് ഇവരെ പ്രാപ്തരാക്കുക എന്നത് സര്‍ക്കാറിന്റെ ലക്ഷ്യമാണെന്നും, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് നടത്തുന്ന സംസ്ഥാന ത്രിദിന ക്യാമ്പ് ഇതിന് അവരെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, മാരിവില്‍ ക്ലബ്ബ് എന്നിവ സംയുക്തമായാണ് ഒക്ടോബര്‍ 10 വരെ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍മാരായ സന്തോഷ് കാല, എം.പി.ഷെയിന്‍, ബി.ആര്.ഡി.സി എം.ഡി.ഷിജിന് പറമ്പത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്, ജില്ലാ മാരിവില്ല് ക്ലബ് സെക്രട്ടറി ഇഷ കിഷോര്‍, പള്ളിക്കര പഞ്ചായത്ത് മെമ്പര്‍മാരായ മൗവ്വല്‍ കുഞ്ഞബ്ദുള്ള, എ.മണികണ്ഠന്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി.സി.ഷിലാസ്, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എ.വി.ശിവപ്രസാദ് എന്നിവര്‍ പരിപാടിയുടെ ഭാഗമായി.
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് എസ്.സതീഷ് സ്വാഗതവും കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ ദിപു പ്രേംനാഥ് നന്ദിയും പറഞ്ഞു.
ക്യാമ്പിന്റെ ഒന്നാം ദിവസം ക്യാമ്പ് ഡയറക്ടര്‍ നിര്‍മ്മല്‍ കുമാര്‍ കാടകത്തിന്റ നേതൃത്വത്തില്‍ ഐസ് ബ്രേക്ക്(മഞ്ഞുരുക്കല്‍) സംഘടിപ്പിച്ചു. ഉച്ചയ്ക്കുശേഷം നാലകം ആയുര്‍യോഗ സി.ഇ.ഒയും ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ.കെ.വി.സജിത ആയുര്‍വേദ ഉത്പന്നങ്ങളായ സോപ്പ്, ഷാംപു നിര്‍മ്മാണം എന്നിവയില്‍ പരിശീലനം നല്കി. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാഭ്യാസ സമീപനം എന്ന വിഷയത്തില്‍ കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫ.ഡോ.എം.എന്‍.മുസ്തഫ സംസാരിച്ചു. തുടര്‍ന്ന് കള്‍ച്ചറല്‍ പ്രോഗ്രാം അരങ്ങേറി.
രണ്ടാം ദിനത്തില്‍ ടൂറിസം എല്ലാവര്ക്കും എന്ന വിഷയത്തില്‍ ബി.ആര്.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഷിജിന് പറമ്പത്ത് സംസാരിക്കും. തുടര്‍ന്ന് തൊഴില്‍ പരിശീലനവും, ഉച്ചയ്ക്കുശേഷം ലീഗല്‍ കണ്‍സള്‍ട്ടന്റും ട്രെയിനറുമായ അഡ്വക്കേറ്റ് എന്‍.കെ.മനോജ് കുമാര്‍ ക്ലാസ് എടുക്കും. വൈകുന്നേരം നാടന്‍പാട്ട് കലാകാരന് അഭിരാജ് നടുവില്‍ നയിക്കുന്ന ക്യാമ്പ് അംഗങ്ങളുടെ കലാസംഗമം ക്യാമ്പ് ഫയര്‍ കൊട്ടുംപാട്ടും അരങ്ങേറും. മൂന്നാം ദിനത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹവും നിയമപരിരക്ഷയും എന്ന വിഷയത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.പി.എം.ആതിര ക്ലാസ്സെടുക്കം. തുടര്‍ന്ന് ഡോ.സി.ബാലന് ലിംഗസമത്വവും വര്‍ത്തമാനകാല സമൂഹവും എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കും.