യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ച് തുന്നിക്കെട്ടിയ സംഭവം; ഒടുവിൽ തെറ്റ് സമ്മതിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ തെറ്റുപറ്റിയെന്ന് ഡോക്ടർമാർ സമ്മതിക്കുന്നതിന്റെ സംഭാഷണം പുറത്ത്. ഹർഷിനയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക മെഡിക്കൽ കോളേജിലേതാണെന്ന് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയെന്നും ഇതിൽ പറയുന്നുണ്ട്. യുവതിയുടെ ബന്ധുക്കളുമായി നടത്തിയ സംഭാഷണമാണ് പുറത്തായത്. കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിലേതല്ലെന്നും യുവതി മറ്റ് ആശുപത്രികളിൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നായിരുന്നു നേരത്തെ ഡോക്ടർമാർ വാദിച്ചത്.2017 നവംബർ 30നായിരുന്നു പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനയ്ക്ക് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്ത്രക്രിയ നടത്തിയത്. ഇതിന് ശേഷം ഹർഷിനയ്ക്ക് കഠിനമായ വേദനയും അവശതയും ഉണ്ടായിരുന്നു. പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സിടി സ്കാൻ പരിശോധനയിൽ കത്രിക കണ്ടെത്തിയത്.തുടർന്ന് സെപ്തംബർ 14ന് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി. 17ന് കത്രിക പുറത്തെടുക്കുകയും ചെയ്തു. 12 സെന്റിമീറ്റർ നീളവും ആറ് സെന്റിമീറ്റർ വീതിയുമുള്ള കത്രിക കാലക്രമേണ മൂത്രസഞ്ചിയിൽ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.