15 പവനും നാലുലക്ഷത്തിന്റെ വജ്രാഭരണങ്ങളും കവര്‍ന്നു
അങ്കമാലി: അങ്കമാലിയില്‍ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് ലക്ഷങ്ങള്‍ വിലവരുന്ന ആഭരണങ്ങള്‍ കവര്‍ന്നു. അങ്കമാലി കോതകുളങ്ങര സായി സദനില്‍ ലീലാമ്മ മേനോന്റെ വീട്ടില്‍ നിന്നുമാണ് 15 പവന്റെ സ്വര്‍ണാഭരണങ്ങളും നാല് ലക്ഷം രൂപ വില വരുന്ന വജ്രാഭരണങ്ങളും കവര്‍ന്നത്.
ഭര്‍ത്താവ് ഡോ. ചന്ദ്രശേഖര മേനോന്റെ മരണശേഷം ലീലാമ്മ മോനോന് ഒറ്റയ്ക്കാണ് താമസിക്കുന്നത്. മക്കള്‍ വിദേശത്താണ്. കഴിഞ്ഞ വ്യാഴാഴ്ച ലീലാമ്മ മേനോന് കായംകുളത്തേക്ക് പോയിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീടിന്റെ മുന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നിരിക്കുന്നത്. കിടപ്പുമുറിയുടെ പൂട്ടും തകര്‍ത്തിട്ടുണ്ട്. കിടപ്പുമുറിയിലെ അലമാരയുടെ ലോക്ക് തകര്‍ത്താണ് ആഭരണങ്ങള്‍ കവര്‍ന്നിരിക്കുന്നത്.
വള, മാല, കമ്മല്‍, മോതിരം എന്നീ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കൂടാതെ ഡയമണ്ടിന്റെ ലോക്കറ്റ്, കമ്മല്‍, മോതിരം എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. വിവമറിഞ്ഞ് അങ്കമാലി പോലീസ്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.