ഇരുപതുകാരി പെൺകുഞ്ഞിന് ജന്മം നൽകി; നിരാശരായി വീട്ടിലേക്ക് മടങ്ങിയ ഭർത്താവും മാതാവും ആത്മഹത്യ ചെയ്തു, ജീവനൊടുക്കിയത് വിഷം ചേർത്ത കോഴിക്കറി കഴിച്ച്
ചെന്നൈ: ഇരുപതുകാരി പെൺകുഞ്ഞിന് ജന്മം നൽകിയതിൽ മനംനൊന്ത് ഭർത്താവും, ഭർതൃമാതാവും ജീവനൊടുക്കി. തമിഴ്നാട്ടിലെ ജോലാർപേട്ടയ്ക്കടുത്ത് മന്ദലവാഡിയിലാണ് സംഭവം. ഇരുപത്തിയേഴുകാരനായ മുരളിയും മാതാവ് ശിവകാമി (55) യുമാണ് ജീവനൊടുക്കിയത്.മുരളിയുടെ ഭാര്യ ഇന്ദുജ (29) കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ശിവകാമിയും മകനും ഇന്ദുജയ്ക്കൊപ്പം തിരുപ്പത്തൂരിലെ ആശുപത്രിയിൽ ഉണ്ടായിരുന്നു. പെൺകുഞ്ഞ് ജനിച്ച വിവരം അറിഞ്ഞതോടെ നിരാശരായി വീട്ടിലേക്ക് മടങ്ങി. തുടർന്ന് കോഴിക്കറിയിൽ വിഷം ചേർത്ത് കഴിക്കുകയായിരുന്നു.വീടിന്റെ വാതിൽ പൂട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസെത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. വർഷങ്ങൾക്ക് മുമ്പ് ശിവകാമിയുടെ രണ്ട് മക്കൾ ആത്മഹത്യ ചെയ്തിരുന്നു. ഒരു വർഷം മുമ്പായിരുന്നു മുരളിയുടെയും ഇന്ദുജയുടെയും വിവാഹം.