കോൺടാക്ട് ലിസ്റ്റിലുള്ള ആരെങ്കിലും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ നിങ്ങളും കെണിയിൽ വീഴും, ഇതാണ് തൃശൂർ സ്വദേശിക്ക് സംഭവിച്ചത്
തിരുവനന്തപുരം: പണത്തോടൊപ്പം മാനവും കൈവിടുന്ന മൊബൈൽ ഫോൺ ഇൻസ്റ്റന്റ് ലോൺ ഓഫറുകൾ ഇതുമായി യാതൊരു ബന്ധവും ഇല്ലാത്തവരുടെ ജീവിതവും കുട്ടിച്ചോറാക്കും. തന്റെ അശ്ലീലഫോട്ടോ പ്രചരിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഓൺലൈൻ പലിശക്കാരുടെ ഞെട്ടിക്കുന്ന കടുംകൈ പുറത്തായത്.
നിങ്ങളുടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിലുള്ള ആരെങ്കിലും ഇൻസ്റ്റന്റ് ലോൺ എടുത്തിട്ടുണ്ടെങ്കിൽ ആപത്ത് നിങ്ങളെയും തേടിയെത്താം. തൃശൂർ സ്വദേശിയായ ഗൃഹനാഥ ഓഫീസിലെ സഹപ്രവർത്തകർക്കൊപ്പം എടുത്ത ഗ്രൂപ്പ് ഫോട്ടോ പ്രൊഫൈൽ ആക്കിയിരുന്നു. അതിലുണ്ടായിരുന്ന ഒരു യുവാവിനൊപ്പം യുവതിയുടെ ഫോട്ടോ മോർഫ്ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.
യുവാവിനെ വിളിച്ചുവരുത്തിയ പൊലീസ് അയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഇൻസ്റ്റന്റ് ലോൺ ആപ്പ് ശ്രദ്ധയിൽപ്പെട്ടത്. രണ്ടു പ്രാവശ്യം പതിനായിരം രൂപ ലോൺ എടുത്തത് പലിശ സഹിതം ഇരട്ടിയോളം തിരിച്ചടച്ചെങ്കിലും പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. നൽകാതെ വന്നതോടെ യുവാവിന്റെ ഫോണിലെ കോൺടാക്ടുകളും വിശദാംശങ്ങളും ദുരുപയോഗം ചെയ്യുകയായിരുന്നു.മോർഫ് ചെയ്ത ചിത്രങ്ങൾ യുവാവിന്റെ ഫോണിലേക്ക് ലോൺ കമ്പനി അയച്ചെന്ന് കണ്ടെത്തിയതോടെ ഇതിനു പിന്നിൽ അവരാണെന്ന് ബോധ്യമായി. അയാൾ വിവരം രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു. ഡൽഹി സ്വദേശികളായ രണ്ടുപേരെ പിടികൂടിയെങ്കിലും തട്ടിപ്പുകൾക്ക് വിരാമമില്ല.