രാഷ്ട്രീയ ചാണക്യൻ, പൊളിറ്റിക്കൽ എഞ്ചിനീയർ: എന്നും നിലപാടുകളുടെ പോരാളിയായ ഒരേയൊരു മുലായം
ലക്നൗ: അധികം പൊക്കമില്ലാത്തയാളാണ് മുലായം സിംഗ് യാദവ്. പക്ഷേ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ തലപ്പൊക്കം നിൽക്കാൻ കഴിവുള്ള നേതാക്കൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെച്ചുരുക്കമാണെന്നതാണ് സത്യം. കഠിനാധ്വാനവും തന്ത്രശാലിയുമായ മുലായം സിംഗ് പ്രാദേശിക പാർട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിൽ ചരിത്രപരമായ പങ്കുവഹിച്ചിട്ടുമുണ്ട്.ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവരെ ഒരു കാലത്ത് നിർണയിച്ചിരുന്ന രാഷ്ട്രീയ ചാണക്യനാണ് അദ്ദേഹം. ശരിക്കും ഒരു പൊളിറ്റിക്കൽ എഞ്ചിനിയർ.ശരിയായ കാര്യങ്ങൾക്കുവേണ്ടി എന്നും നിലകൊള്ളുന്ന വ്യക്തിയായിരുന്നു മുലായം. അനുയായികളും എതിരാളികളും ഒരുപോലെ ‘നേതാജി’ എന്നും ‘ധർത്തിപുതൃ’ എന്നും അഭിസംബോധനചെയ്ത അദ്ദേഹം ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ രാഷ്ട്രീയ നേതാവായിരുന്നു.പിന്നാക്കക്കാരുടെ ക്ഷേമത്തിനുവേണ്ടിയും അദ്ദേഹം അഹോരാത്രം പ്രവർത്തിച്ചു. യാദവർക്ക്, അദ്ദേഹം എന്നും ധർത്തിപുത്രനായിരുന്നു (ആത്മാവിന്റെ മകൻ). സ്കൂളിൽ ഒരു ദളിത് ആൺകുട്ടിയെ രക്ഷിക്കാൻ മുലായം ഒരു കൂട്ടം ഉയർന്ന ജാതിക്കാരെ ഒറ്റയ്ക്ക് തല്ലിയോടിച്ചു. അന്നുമുതൽ മുലായം ദാദാ ഭയ്യായും ആയി. എന്നും ഉയർന്ന ജാതിക്കാരുടെ കൈയിലായിരുന്ന യു പി രാഷ്ട്രീയത്തിലേക്ക് പിന്നാക്കക്കാരെ കൈപിടിച്ചുകയറ്റിയത് മുലായം ആയിരുന്നു.
രാഷ്ട്രീയത്തിലെ ചാണക്യനെന്ന വിശേഷണത്തിന് എന്തുകൊണ്ടും യോജിച്ച വ്യക്തിയാണ് മുലായം. വളർത്തേണ്ടവനെ വളർത്തുകയും വെട്ടേണ്ടവനെ കൃത്യസമയത്ത് വെട്ടുകയും ചെയ്തു. തുടക്കംമുതൽ കോൺഗ്രസ് വിരുദ്ധ ചേരിയിലാണ് നിലകൊണ്ടതെങ്കിലും പിൽക്കാലത്ത് അവരുമായി സമരസപ്പെടേണ്ട സാഹചര്യം വന്നപ്പോൾ അതിനൊട്ടും മടികാണിക്കുകയും ചെയ്തില്ല. പക്ഷേ, ബി ജെ പിയുടെ എതിർപക്ഷത്തുനിൽക്കാനായിരുന്നു അദ്ദേഹത്തിന് എല്ലാകാലത്തും താൽപ്പര്യം.രാമക്ഷേത്ര നിർമാണത്തെ ശക്തിയുക്തം എതിർത്ത മുലായം സംഘപരിവാർ രാഷ്ട്രീയത്തിന് അയോദ്ധ്യയെ അജണ്ടയാക്കാനാവില്ലെന്ന് തുറന്നടിച്ചു. 1991ൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കർസേവകർ അയോദ്ധ്യയിലെ ബാബറി മസ്ജിദിലേക്ക് മാർച്ച് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ, ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ എന്റെ മൃതദേഹത്തിന് മുകളിൽ ചവിട്ടി നിന്നുമാത്രമേ പള്ളി ആക്രമിക്കൂവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുസ്ലിങ്ങൾക്കൊപ്പം നിലകൊണ്ടതിനാൽ ‘മൗലാന മുലായം എന്ന വിളിപ്പേരും അദ്ദേഹത്തിന് വീണു. ഇങ്ങനെ ബി ജെ പിയെ എതിർക്കുമ്പോഴും യുപി രാഷ്ട്രീയത്തിൽ ബി ജെ പിയാണ് തങ്ങളുടെ ഭാവി എതിരാളി എന്ന് തുടക്കത്തിലെ മുലായം തിരിച്ചറിയുകയും ചെയ്തിരുന്നു.ഹിന്ദി ഹൃദയഭൂമിയിൽ തേരോട്ടം നടത്താൻ മുലായത്തെ പ്രാപ്തനാക്കിയത് ജാതിരാഷ്ട്രീയത്തിന്റെ സ്വാധീനം തന്നെയാണ്. ദേശീയ രാഷ്ട്രീയത്തിലേക്കുമുള്ള മുലായം സിംഗ് യാദവിന്റെ യാത്ര തികച്ചും സംഭവബഹുലമായിരുന്നു. ഗുസ്തിക്കാരനാക്കാണമെന്ന ആഗ്രഹത്തോടെയാണ് പിതാവ് മുലായത്തെ പരിശീലനത്തിന് അയച്ചു. എന്നാൽ രാഷ്ട്രീയ ഗോദയിൽ പയറ്റാനായിരുന്നു മുലായത്തിന് യോഗം. ഗുസ്തി പഠിക്കാനെത്തിയപ്പോൾ അവിടെ വച്ച് പരിചയപ്പെട്ട നട്ടു സിംഗ് എന്ന സോഷ്യലിസ്റ്റ് നേതാവിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. രാംമനോഹർ ലോഹ്യയുമായുള്ള അടുപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉത്തർ പ്രദേശിലെ യുവ മുഖങ്ങളിലൊന്നാക്കി മുലായത്തെ മാറ്റി
ലോഹ്യയുടെ മരണത്തിന് ശേഷം മറ്റ് പാർട്ടികളുമായി ചേർന്ന് ഭാരതീയ ലോക് ദളിലേക്ക് മുലായം എത്തിയെങ്കിലും പാർട്ടിയിലെ പടലപിണക്കത്തിൽ നാല് വർഷത്തിന് ശേഷം ചരൺ സിംഗിന്റെ ദളിത് മസ്ദൂർ കിസാൻ പാർട്ടിയിലേക്ക് ചേക്കേറി അദ്ധ്യക്ഷനായി. പിന്നീടാണ് സമാജ് വാദി പാർട്ടി രൂപീകരിച്ചത്. ബി ജെ പിയെ അധികാരത്തിൽ നിന്ന് അകറ്റാനായി ദളിത് ഏകീകരണമാണ് നല്ലതന്നെ മനസിലാക്കി മുലായം സിംഗ് മായാവതിയുമായി അടുത്തു.തൊണ്ണൂറ്റിയാറായപ്പോഴേക്കും ദേശീയ രാഷ്ട്രീയത്തിലും മുലായം നിറഞ്ഞു നിന്നു. തുടർന്ന് സംഭവിച്ചതെല്ലാം ചരിത്രം