ഗതാഗത മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്, വടക്കഞ്ചേരി അപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് വിലയിരുത്തും
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾക്കെതിരായ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ഗതാഗത വകുപ്പ് ഉന്നതതലയോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ ഗതാഗത കമ്മീഷണറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
വടക്കഞ്ചേരി അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടും യോഗം വിലയിരുത്തും. അപകടത്തിന് പിന്നാലെ ആരംഭിച്ച ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചും യോഗം ചർച്ച ചെയ്യും.
അതേസമയം, വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കേസ് പരിഗണിക്കുക. അപകടവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പും പൊലീസും തിങ്കളാഴ്ച റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.