ഡല്‍ഹിയില്‍ സിഎന്‍ജി വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: പ്രകൃതി വാതകങ്ങളുടെ നിരക്ക് വര്ധനെയെ തുടര്‍ന്ന് ഡല്‍ഹിയില്‍ സിഎന്‍ജിയുടെയും പിഎന്‍ജിയുടെയും വില കുത്തനെ കൂട്ടി. രണ്ടു വാതകങ്ങളുടെയും വിലയില്‍ മൂന്ന് രൂപയാണ് കൂട്ടിയത്. ഇതോടെ കിലോഗ്രാമിന് 75.61 ആയിരുന്ന സിഎന്‍ജി വില 78.61 ആയതായി പ്രകൃതി വാതക വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥാ ഗ്യാസ് ലിമിറ്റഡ് അറിയിച്ചു. നാല് മാസത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണിത്. ക്യുബിക്ക് മീറ്ററിന് 50.59 ആയിരുന്ന പിഎന്‍ജി വില നിരക്ക് വര്‍ധിച്ചതോടെ 53.59 ആയി.
കഴിഞ്ഞ മെയ് 21 ന് സിഎന്‍ജിയ്ക്ക് രണ്ട് രൂപ കൂട്ടിയിരുന്നു. 2021 ഏപ്രില്‍ മുതല്‍ സിഎന്‍ജി വിലയില്‍ 80 ശതമാനത്തോളം വര്‍ധനവാണുണ്ടായത്. 14-ാമത്തെ വില വര്‍ധനവാണ് ഇപ്പഴുണ്ടായത്. പിഎന്‍ജി നിരക്കില്‍ 91 ശതമാനത്തോളം വര്‍ധനവുണ്ടായി. ഓഗസ്റ്റ് 2021 മുതല്‍ 10 തവണയാണ് പിഎന്‍ജിയുടെ നിരക്ക് വര്‍ധിച്ചത്.
സര്‍ക്കാര്‍ പ്രകൃതി വാതകങ്ങളുടെ നിരക്ക് 40 ശതമാനത്തോളം വര്‍ധിപ്പിച്ചതാണ് സിഎന്‍ജിയുടെയും പിഎന്‍ജിയുടെയും വിലയുയരാന്‍ കാരണം. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, കാണ്‍പൂര്‍, അജ്മീര്‍ തുടങ്ങിയ നഗരങ്ങളിലും വില വര്‍ധിപ്പിച്ചു. മുംബൈയില്‍ സിന്‍ജി വില ആറ് രൂപ കൂട്ടി കിലോഗ്രാമിന് 86 ആക്കി. പിഎന്‍ജി വില 52.50 ആണ്. സിഎന്‍ജിയ്ക്ക് കിലോഗ്രാമിന് ഇനിയും എട്ട് മുതല്‍ 12 രൂപ വരെയും പിഎന്ജിയ്ക്ക്് ആറ് രൂപ വരെയും വര്‍ധിച്ചേക്കാമെന്ന് വിദഗ്്ധരുടെ അഭിപ്രായം.