അഗ്നിവീർ പദ്ധതിക്കെതിരെ സമരം നടത്തിയവർ പെട്ടു, റാലിയിൽ പങ്കെടുത്താലും പൊലീസ് വെരിഫിക്കേഷനിൽ പുറത്താകും
വിവാദങ്ങൾ ഏറെ ഉണ്ടായെങ്കിലും അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ് റാലിയെ ആവേശപൂർവം ഏറ്റെടുത്ത് യുവാക്കൾ. കോഴിക്കോട് ഫിസിക്കൽ എഡ്യുക്കേഷൻ ഗ്രൗണ്ടിൽ നടക്കുന്ന വടക്കൽ മേഖലാ റാലിയിൽ കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ നിന്നായി രജിസ്റ്റർ ചെയ്ത 20,000 പേരിൽ 13,116 ഉദ്യോഗാർത്ഥികൾ ഇതിനകം പങ്കെടുത്തു. 705 പേർ ആരോഗ്യ ക്ഷമത നേടി. 624 പേരെ മെഡിക്കൽ റിവ്യൂ ചെയ്യുന്നതിനായി അയച്ചു. റാലിക്ക് യുവാക്കൾക്കിടയിൽ വൻ സ്വീകാര്യതയാണെന്ന് മേജർ ജനറൽ പി.രമേശ് (വി.എസ്.എം അഡീഷണൽ ഡയറക്ടർ ജനറൽ, റിക്രൂട്ടിംഗ് സോൺ ബംഗളൂരു, കേരള , കർണാടക, മാഹി , ലക്ഷദീപ് ) മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എഴുത്തു പരീക്ഷ നടത്തും. പൊലീസ് വെരിഫിക്കേഷനു ശേഷം 2023 മാർച്ചോടെ പരിശീലനം ആരംഭിക്കും. രാജ്യത്താകെ 40,000ത്തോളം ഉദ്യോഗാർത്ഥികളെയാണ് തിരഞ്ഞെടുക്കുക. സംസ്ഥാനത്ത് തെക്കൻ മേഖലാ റിക്രൂട്ട്മെന്റ് റാലി നവംബർ രണ്ടാംവാരം കൊല്ലത്ത് നടക്കും. നഴ്സിംഗ് അസിസ്റ്റന്റ്, വെറ്ററിനറി നഴ്സിംഗ് അസിസ്റ്റന്റ്, മത പഠന അദ്ധ്യാപകർ എന്നിവർക്കുള്ള റിക്രൂട്ട്മെന്റും ഇവിടെ നടക്കും.കേരളം, കർണാടക, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വനിതകൾക്ക് നവംബർ ആദ്യവാരം ബംഗളൂരുവിലാണ് റിക്രൂട്ട്മെന്റ് റാലി. 11,000ത്തോളം യുവതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷം റിക്രൂട്ട്മെന്റ് റാലികൾ നടക്കാതിരുന്ന സാഹചര്യത്തിൽ ഇത്തവണ പ്രായപരിധിയിൽ രണ്ട് വർഷത്തെ ഇളവ് നൽകിയിട്ടുണ്ട്. ഒക്ടോബർ 10 വരെയാണ് വടക്കൻ കേരളത്തിലെ റിക്രൂട്ട്മെന്റ്.വാർത്തായ സമ്മേളനത്തിൽ ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, ആർമി റിക്രൂട്ടിംഗ് ഡയറക്ടർ കേണൽ പി.എച്ച് മഹാഷബ്ദെ, ഡിഫൻസ് പി.ആർ.ഒ അതുൽ പിള്ള എന്നിവർ പങ്കെടുത്തു.പ്രതിഷേധക്കാർ പുറത്ത്കോഴിക്കോട്: അഗ്നിവീർ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവർ നിയമനത്തിൽ നിന്നും പുറത്ത്. അഗ്നിവീർ റിക്രൂട്ട്മെന്റ് റാലികളിൽ പങ്കെടുത്താലും റാങ്ക്ലിസ്റ്റ് വന്നശേഷം നടക്കുന്ന പൊലീസ് വെരിഫിക്കേഷനിൽ ഇവർ പുറത്താവും. വടക്കൻ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായി കോഴിക്കോട്ട് നടത്തുന്ന റാലിയിൽ പരിശോധനയ്ക്കെത്തിയ മേജർ ജനറൽ പി.രമേശ് പറഞ്ഞു. കേരളത്തിലെ ഉദ്യോഗാർത്ഥികളെ വലിയ രീതിയിൽ ഇത് ബാധിക്കില്ലെങ്കിലും കേരളത്തിലും റെയിൽവേസ്റ്റേഷനുകളിലേക്കും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും വിവിധ സംഘടനകളുടെ മാർച്ചുകളുണ്ടായിട്ടുണ്ട്. അവരെയും ഇത് ബാധിക്കാനാണ് സാദ്ധ്യത.