കൊച്ചി തീരത്ത് പിടിച്ച ഹെറോയിന്‍ എത്തിയത് പാകിസ്താനില്‍നിന്ന്; ഹാജി സലിം ഗ്രൂപ്പിന് പങ്കാളിത്തം
കൊച്ചി: തീരക്കടലില്‍നിന്നു പിടിച്ച 200 കിലോ ഹെറോയിന്‍ പാകിസ്താനില്‍നിന്ന് എത്തിയതാണെന്ന് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. ശ്രീലങ്കയിലേക്കുള്ള യാത്രാമധ്യേ നടുക്കടലില്‍ വെച്ച് ഇറാനിയന്‍ ബോട്ടിലേക്ക് കൈമാറി കൊണ്ടുപോകുന്നതിനിടെയാണ് സംഘം പിടിയിലായത്.
അന്താരാഷ്ട്ര ലഹരിക്കടത്തു ഗ്രൂപ്പുകളില്‍ ഒന്നായ, പാകിസ്താന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാജി സലിം ഗ്രൂപ്പിന്റെ പങ്കാളിത്തം ഇതില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഓപ്പറേഷന്‍സ്) സഞ്ജയ് കുമാര്‍ സിങ് കൊച്ചിയില്‍ പറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ 1200 കോടി രൂപ വില വരുന്നതാണ് പിടിച്ചെടുത്ത ഹെറോയിന്‍. പിടിയിലായ ആറുപേര്‍ ഇറാന് പൗരന്മാരാണ്. ഇവരുടെ പക്കല്‍നിന്ന് സാറ്റലൈറ്റ് ഫോണ്‍ ഉള്‍പ്പെടെ പിടിച്ചിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും സഞ്ജയ് കുമാര്‍ സിങ് പറഞ്ഞു.
തീവ്രവാദ ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളൊന്നും നിലവില്‍ കണ്ടെത്താനായിട്ടില്ല. എങ്കിലും ഈ നിലയില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. പണത്തിനു വേണ്ടിയുള്ള ലഹരി കൈമാറ്റം എന്നതാണ് ഇപ്പോഴുള്ള വിവരം.
വളരെ ശ്രമകരമായാണ് സംഘത്തെ പിടികൂടിയതെന്നും സഞ്ജയ് കുമാര്‍ സിങ് പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ചെന്നൈ സോണല്‍ യൂണിറ്റ് ഡയറക്ടര്‍ പി. അരവിന്ദന്, നാവികസേന ലെഫ്റ്റനന്റ് കമാന്‍ഡര്‍ പി.എസ്. സജിന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഹെറോയിന്‍ അഫ്ഗാന് നിര്‍മിതം
പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത് ഹെറോയിന്‍ അഫ്ഗാനിസ്താനില്‍ നിര്‍മിച്ചതാണെന്നാണ്. ചില പാക്കറ്റുകളില്‍ ഡ്രാഗണ്‍ സീലുണ്ട്. വെള്ളം കടക്കാത്ത രീതിയിലാണ് പാക്കിങ്. ഇതു കൈമാറാന്‍ ലക്ഷ്യമിട്ടിരുന്ന ശ്രീലങ്കന്‍ ബോട്ട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഹാജി സലിം ഗ്രൂപ്പിന്റെ പങ്കാളിത്തം ഇന്ത്യന്‍ തീരത്തുകൂടിയുള്ള ലഹരിമരുന്ന് കടത്തില്‍ മുന്‍പും കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.