അപകടസമയത്ത് ആംബുലൻസ് ഓടിച്ചിരുന്നത് മെയിൽ നഴ്സ്, ക്ഷീണം കാരണം വണ്ടി കൈമാറിയെന്ന് ഡ്രൈവർ; പൊലീസ് കേസെടുത്തു
തിരുവനന്തപുരം: വെഞ്ഞാറമൂടിൽ ആംബുലൻസ് ബൈക്കിലിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മെയിൽ നഴ്സായ അമലാണ് അപകട സമയത്ത് ആംബുലൻസ് ഓടിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഉറക്കക്ഷീണം കാരണം ഡ്രൈവർ വിനീത്, അമലിനെ ആംബുലൻസ് ഓടിക്കാൻ നിർബന്ധിക്കുകയായിരുന്നു. ഇവർക്കെതിരെ അശ്രദ്ധ മൂലമുള്ള മരണത്തിന് പൊലീസ് കേസെടുത്തു. പുലർച്ചെ 6.20നായിരുന്നു അപകടം നടന്നത്. ഇടുക്കിയിൽ നിന്ന് മടങ്ങിവരികയായിരുന്നു ആംബുലൻസ്.വെഞ്ഞാറമൂട് പാലവിള വീട്ടിൽ ഷിബു(36) വും മകൾ അലംകൃതയും സഞ്ചരിച്ചിരുന്ന ബൈക്കിലേക്കാണ് ആംബുലൻസ് ഇടിച്ചത്. സമീപത്തെ ലാബിലേക്ക് കയറാനായി റോഡരികിൽ ബൈക്ക് നിർത്തിയിരിക്കുകയായിരുന്നു ഇവർ. ഗുരുതരമായി പരിക്കേറ്റ ഷിബു ചികിത്സയിലിരിക്കെ അൽപംമുമ്പ് മരിച്ചു. അലംകൃത ഗുരുതരാവസ്ഥയിൽ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.