ഇന്ത്യ എവിടെനിന്നും എണ്ണവാങ്ങും; റഷ്യയില്‍നിന്ന് വാങ്ങരുതെന്ന് ആരും പറഞ്ഞിട്ടില്ല- കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യ ഏത് രാജ്യത്തുനിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. രാജ്യത്തെ പൗരന്മാര്ക്ക് ഇന്ധനം നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അതില്‍ ഒരുവിധത്തിലുള്ള നിയന്ത്രണങ്ങളും വിലപ്പോവില്ല. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ ഒരു രാജ്യവും എതിര്‍ത്തിട്ടില്ലെന്നും അമേരിക്കന്‍ ഊര്‍ജകാര്യ സെക്രട്ടറി ജെന്നിഫര്‍ ഗ്രാനോമുമായുള്ള ചര്‍ച്ചയ്ക്കുശേഷം അദ്ദേഹം വാഷിങ്ടണില്‍ മാധ്യമങ്ങളോട് പറഞ്ഞു.
റഷ്യ-യുക്രൈന് യുദ്ധം ആഗോള എണ്ണ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. എണ്ണ വിതരണത്തിലും രാജ്യങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല കച്ചവടബന്ധത്തിലും അത് വിള്ളലേല്‍പ്പിച്ചു. എണ്ണവില കുത്തനെ ഉയര്‍ന്നത് പല രാജ്യങ്ങളുടെയും സാമ്പത്തിക ഘടനയെത്തന്നെ തകര്‍ത്തു.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി മുന്പത്തേക്കാള് അന്‍പതിരട്ടി ഉയര്‍ന്നു. യുദ്ധത്തിനു മുന്‍പ് വിദേശത്തുനിന്നുള്ള മൊത്തം എണ്ണയുടെ 0.2 ശതമാനം മാത്രമാണ് റഷ്യയുടെ സംഭാവനയെങ്കില്‍, ഇപ്പോള്‍ പുറത്തുനിന്നുള്ള മൊത്തം ക്രൂഡോയിലിന്റെ 10 ശതമാനവും റഷ്യയില്‍നിന്നാണ്. യുക്രൈനെതിരെയുള്ള ആക്രമണത്തിനുശേഷം, പല പാശ്ചാത്യരാജ്യങ്ങളും റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയിരിക്കയാണ്. എന്നാല്‍ ഇന്ത്യയുടെ ഇറക്കുമതിയെ ആരും എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ഊര്‍ജകാര്യ സെക്രട്ടറി ജെന്നിഫര്‍ ഗ്രാനോമുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ ‘ഇന്ത്യ-യു.എസ് ഗ്രീന്‍ കോറിഡോറി’നെപ്പറ്റി പരാമര്‍ശിച്ചുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.