മുന്‍കൂട്ടി ഓര്‍ഡര്‍ സ്വീകരിച്ച് കഞ്ചാവ് കടത്ത്; നേരത്തെ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പിടിയില്‍
നിലമ്പൂര്‍: മലയോരത്ത് 14 കിലോഗ്രാം കഞ്ചാവുമായി യുവാവ് നിലമ്പൂര്‍ പോലീസിന്റെ പിടിയിലായി. എടക്കര കാക്കപ്പരത സ്വദേശി തെക്കരത്തൊടി മുഹമ്മദ് സ്വാലിഹ് (മിന്നല്‍ സാലി-28) ആണ് പിടിയിലായത്. ആന്ധ്രയില്‍നിന്ന് നേരിട്ട് കഞ്ചാവ് വന്‍തോതില്‍ വാങ്ങി നിലമ്പൂരിലേക്കെത്തിക്കുന്ന ഇടനിലക്കാരനാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവി സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി. സാജു കെ. എബ്രഹാം, നിലമ്പൂര്‍ സി.ഐ. വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്പരിശോധന നടത്തിയിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നിലമ്പൂര്‍ കോടതിപ്പടി ബസ്സ്റ്റോപ്പിനു സമീപത്തുനിന്ന് ഇയാള്‍ പിടിയിലായത്. രണ്ടു ബാഗുകളിലായി സൂക്ഷിച്ചതായിരുന്നു കഞ്ചാവ്.
ഒക്ടോബര്‍ നാലിന് ആന്ധ്രയിലെ വിജയവാഡയിലേക്കു പോയ പ്രതി അവിടെയുള്ള ഇടനിലക്കാരില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് ശേഖരിച്ചാണ് നിലമ്പൂരിലേക്കെത്തിച്ചത്.
പ്രദേശത്തെ ചില്ലറ വില്‍പ്പനക്കാരില്‍നിന്ന് മുന്‍കൂര്‍ ഓര്‍ഡര്‍ സ്വീകരിച്ച് പണം ശേഖരിച്ച ശേഷമാണ് വിജയവാഡയിലെത്തി ചെറിയ വിലയ്ക്ക് കഞ്ചാവ് ശേഖരിച്ച് ഇവിടെയെത്തിച്ച് കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തുന്നത്. കഴിഞ്ഞ മാസം മൂന്നു തവണയാണ് ആന്ധ്രയില്‍നിന്ന് കഞ്ചാവ് ഇത്തരത്തില്‍ എത്തിച്ച് ഇവിടെ വിതരണംചെയ്തത്.
കഴിഞ്ഞവര്‍ഷം ഇയാള്‍ തീവണ്ടിയില്‍ നിലമ്പൂരിലേക്ക് വരുംവഴി പാലക്കാട് റെയില്‍വേ പോലീസ് ഏഴരക്കിലോ കഞ്ചാവ് സഹിതം പിടികൂടി എക്സൈസിന് കൈമാറിയിരുന്നു. ഈ കേസില്‍ മാസങ്ങള്‍ക്കു മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. അതിനുമുന്‍പ് ആന്ധ്രയിലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഏഴുവര്‍ഷം മുന്‍പ് എടക്കര സ്റ്റേഷന് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് രാത്രി ബൈക്കിലും കാറിലും കറങ്ങി റബ്ബര്‍ഷീറ്റ് മോഷ്ടിച്ച് വിറ്റ കേസിലും എടക്കര പോലീസ് പിടികൂടിയിരുന്നു.
പിടിച്ചെടുത്ത കഞ്ചാവിന് അഞ്ചുലക്ഷത്തോളം രൂപ വിലവരും. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. പരിശോധനാസംഘത്തില്‍ നിലമ്പൂര്‍ സ്റ്റേഷനിലെ എസ്.ഐ.മാരായ വിജയരാജന്‍, എം. അസൈനാര്‍, തോമസ്കുട്ടി ജോസഫ്, എസ്.സി.പി.ഒ. ടി. ജംഷാദ്, സി.പി.ഒ. സജേഷ്, ഡാന്‍സഫ് അംഗങ്ങളായ എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി. ആസിഫലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരാണുണ്ടായിരുന്നത്.