മലപ്പുറത്ത് സ്വകാര്യബാങ്ക് മാനേജര്‍ അറസ്റ്റില്‍;നിക്ഷേപകരില്‍നിന്ന് തട്ടിയെടുത്തത് 17 കോടി രൂപ
മലപ്പുറം: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനംചെയ്ത് നിക്ഷേപകരില്‍നിന്ന് 17 കോടിയോളം രൂപ തട്ടിയെടുത്ത ബാങ്ക് മാനേജര്‍ പിടിയിലായി. പ്രമുഖ സ്വകാര്യബാങ്കിന്റെ മലപ്പുറത്തെ പ്രയോറിറ്റി റിലേഷന്‍ഷിപ്പ് മാനേജരായ പുളിയക്കോട് കടുങ്ങല്ലൂര്‍ സ്വദേശി വേരാല്‍തൊടി ഫസലു റഹ്മാനാ(34)ണ് പിടിയിലായത്. തട്ടിപ്പ് പുറത്തായതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ബാങ്കിന്റെ പരാതിയിലാണ് പോലീസ് നടപടി.
കൂടുതല്‍ പലിശ വാഗ്ദാനംചെയ്തും ഇല്ലാത്ത ബിസിനസ് സ്കീം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചും വിദേശനിക്ഷേപകരുടെ പണം തട്ടുകയായിരുന്നു. ബാങ്കിന്റെ ഓഡിറ്റ് വിഭാഗമാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ ബാങ്കില്‍നിന്ന് പുറത്താക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സംശയംതോന്നിയ ചിലര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ബാങ്കിന്റെ വിജിലന്‍സ് വിഭാഗം അന്വേഷിച്ചു. ഇടപാടുകാരും പരാതിയുമായി രംഗത്തെത്തി. 17 കോടിരൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയതെന്നും അതിനിയും ഉയരാമെന്നുമാണ് ബാങ്കധികൃതര്‍ പറയുന്നതെന്ന് പോലീസ് വ്യക്തമാക്കി.
മോങ്ങമടക്കമുള്ള ചില ബ്രാഞ്ചുകളില്ക്കൂടി ഇയാള്‍ ജോലിചെയ്തിട്ടുള്ളതിനാല് അവിടങ്ങളിലും തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നന്വേഷിക്കുന്നുണ്ട്. മലപ്പുറം ഡിവൈ.എസ്.പി. അബ്ദുള്‍ ബഷീറിന്റെ നിര്‍ദേശപ്രകാരം മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഫസലു റഹ്മാനെ പിടികൂടിയത്.
ഇടപാടുകാരുടെ താത്പര്യം സംരക്ഷിക്കും- ബാങ്ക്
ഇടപാടുകാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ ബാങ്കധികൃതര്‍ അറിയിച്ചു. മലപ്പുറത്ത് തട്ടിപ്പു നടത്തിയ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് തന്നെ അന്വേഷണം നടത്തിയതിന്റെ ഭാഗമായാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. ഇത് വ്യക്തമായ ഉടനെ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്ത് പോലീസില്‍ പരാതിപ്പെട്ടു. ഇടപാടുകാരുടെ സുരക്ഷിതത്വത്തിനുള്ള എല്ലാ നടപടികളും ബാങ്ക് സ്വീകരിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.