ഈ നാട്ടുകാരെ കിട്ടാൻ ആരും ഒന്ന് കൊതിക്കും, പേരമകനെയെും മരുമകളെയും തെരുവിൽ നിറുത്തിയ അമ്മായിയമ്മയെ പാഠം പഠിപ്പിച്ച് കൊല്ലംകാർ
കൊല്ലം: ഭർത്തൃമാതാവ് വീട് അകത്തുനിന്ന് പൂട്ടിയതോടെ യുവതിയും അഞ്ചുവയസുള്ള മകനും ഒരു രാത്രിയടക്കം വീട്ടുമുറ്റത്ത് കഴിയേണ്ടി വന്നത് 21 മണിക്കൂർ. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ സ്ഥലത്തെത്തിയ ബാലാവകാശ കമ്മിഷൻ, വനിതാകമ്മിഷൻ, ശിശുക്ഷേമ സമിതി അധികൃതർ നടത്തിയ മദ്ധ്യസ്ഥ ചർച്ചയിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് ഭർത്തൃമാതാവ് വീട് തുറന്ന് നൽകിയത്.കൊട്ടിയം തഴുത്തല പി.കെ ജംഗ്ഷൻ ശ്രീലകത്തിൽ പ്രതീഷ് ലാലിന്റെ ഭാര്യ ഡി.വി. അതുല്യയ്ക്കും മകനുമാണ് ദുരനുഭവം. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവങ്ങളുടെ തുടക്കം. അതുല്യയുടെ ഭർത്താവ് ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്. അതുല്യയും ഭർത്താവിന്റെ കുടുംബവുമായി വർഷങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്.അതുല്യ മകനെ വിളിക്കാൻ സ്കൂളിലേക്ക് പോയതിനു പിന്നാലെ ഒരേ വളപ്പിലുള്ള കുടുംബവീട്ടിൽ താമസിക്കുന്ന ഭർത്തൃമാതാവായ അജിതകുമാരി വീട്ടിലെത്തി ഗേറ്റുപൂട്ടിയ ശേഷം വാതിൽ അകത്ത് നിന്നടച്ചു. 3.45ന് മകനുമായി തിരിച്ചുവന്ന അതുല്യ ഗേറ്റിൽ പലതവണ തട്ടിയിട്ടും തുറന്നില്ല. ഇവർ റോഡിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇടപെട്ടിട്ടും അജിതകുമാരി ഇറങ്ങിവന്നില്ല. മറ്റ് കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.ഇതോടെ അതുല്യയും മകനും ഗേറ്റിന് മുന്നിൽ തളർന്നിരിപ്പായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടിയം പൊലീസ്, സ്റ്റേഷനിലേക്ക് വരികയോ സ്വന്തം കുടുംബ വീട്ടിലേക്ക് പോകുകയോ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുല്യ വഴങ്ങിയില്ല. പൊലീസ് പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ ബഹളം വച്ചു.രാത്രിയായതോടെ നാട്ടുകാർ ഏണി ഉപയോഗിച്ച് മതിലിന് മുകളിലൂടെ ഇരുവരേയും വീട്ടുവളപ്പിലാക്കി. ഇതോടെ അജിതകുമാരി മെയിൻ സ്വിച്ച് ഓഫാക്കി. നാട്ടുകാർ അയൽവീട്ടിൽ നിന്ന് കേബിൾ വലിച്ച് ലൈറ്റിട്ടു. ഭക്ഷണവും നൽകി. രാത്രി പതിനൊന്നോടെ പ്രദേശവാസികൾ ഗേറ്റിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചത് പൊലീസുമായി ഉന്തിലും തള്ളിലും കലാശിച്ചു.ഇന്നലെ രാവിലെ ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ, വനിതാകമ്മിഷൻ അംഗം ഷാഹിദ കമാൽ തുടങ്ങിയവർ സ്ഥലത്തെത്തി. പൊലീസ് സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയ്ക്കുശേഷമാണ് അജിതകുമാരി മരുമകളെ വീട്ടിൽ പ്രവേശിപ്പിക്കാൻ തയ്യാറായത്. തുടർന്ന് അജിതകുമാരി കുടുംബവീട്ടിലേക്ക് പോയി.അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം ഉറപ്പാക്കി : മന്ത്രിതിരുവനന്തപുരം : കൊല്ലം കൊട്ടിയത്ത് ഭർതൃവീട്ടിൽ നിന്നും ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സർക്കാർ സംരക്ഷണമൊരുക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. അമ്മയ്ക്കും കുഞ്ഞിനും മതിയായ സംരക്ഷണം ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പ് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. അമ്മയ്ക്ക് സമ്മതമാണെങ്കിൽ കുഞ്ഞിനേയും അമ്മയേയും സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റും. അതല്ലെങ്കിൽ നിയമ സഹായവും പൊലീസ് സഹായവും ഉറപ്പാക്കും. വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരോട് അടിയന്തരമായി ആവശ്യമായ നടപടി ൻ ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.